26 April Friday
തച്ചമ്പാറയിൽ വാഹനാപകടം

ചരക്കുലോറിയും ബസും കൂട്ടിയിടിച്ച്‌ 26 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തച്ചമ്പാറയിൽ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ലോറി

 
മണ്ണാർക്കാട്
തച്ചമ്പാറ മുള്ളത്തുപാറയിൽ ചരക്കുലോറിയും വനം വകുപ്പിന്റെ ബസും കൂട്ടിയിടിച്ച്‌ 26 പേർക്ക്‌ പരിക്ക്‌. നാമക്കല്ലിലേക്ക് തേങ്ങ കൊണ്ടുപോകുന്ന ലോറിയും നിലമ്പൂരിലേക്ക് പോകുന്ന വനം വകുപ്പിന്റെ ബസുമാണ് അപകടത്തിൽപ്പെട്ടത്‌. അമിത ലോഡുമായി വന്ന ലോറി റോഡിന് മധ്യേ മറിഞ്ഞു. ബസ് വളവിലെ ബാരിക്കേഡിൽ ഇടിച്ചുനിന്നു. 
വാളയാറിലെ എസ്എഫ്ടിഐ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ നിലമ്പൂരിൽ പരിശീലനത്തിന്‌ പോകുന്ന 32 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ വാളയാർ ഡാംറോഡിലെ വടിവേൽ ഉൾപ്പെടെ ബസിലെ 25 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃച്ചി സ്വദേശി ത്യാഗരാജ്‌(35)നും പരിക്കുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ്‌ അപകടം. സാരമായി പരിക്കേറ്റ ആലപ്പുഴ ഹരിപ്പാട് മുട്ടംകുന്നപ്പള്ളി ജഗദീഷിന്റെ ഭാര്യ ദീപാലക്ഷ്‌മി (32), ആലത്തൂർ കല്ലംകുളം നാരായണന്റെ മകൻ മനു (31), വാളയാർ എസ്എഫ്ടിഐയിലെ സുരേന്ദ്രന്റെ മകൻ സനൽ (30) എന്നിവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തച്ചമ്പാറ, കുന്തിപ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
അപകടം നടന്ന ഉടൻ കല്ലടിക്കോട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയിൽനിന്ന്‌ ഓയിൽ ഒഴുകി റോഡിൽ വഴുക്കലുണ്ടായി. പകൽ ഒന്നോടെ തേങ്ങ റോഡരികിലേക്ക്‌ മാറ്റിയശേഷമാണ്‌ ലോറി റോഡിൽനിന്ന്‌ നീക്കിയത്‌. അതുവരെയും റോഡിൽ ഗതാഗതതടസം ഉണ്ടായി. 
റോഡിലെ വളവും മിനുസവുമാണ്‌ മുള്ളത്തുപാറ സ്ഥിരം അപകടമേഖലയാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top