27 April Saturday
കോഴിയിറച്ചിയുടെ വില കുറയ്ക്കും

കോഴിഫാമുകള്‍ തുടങ്ങാന്‍ 51 കോടിയുടെ വായ്പ

സ്വന്തം ലേഖകൻUpdated: Wednesday May 25, 2022
പാലക്കാട്
കോഴിയിറച്ചിയുടെ വില കുറയ്ക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. കേരള ചിക്കൻ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി പാലക്കാടും കൂടുതൽ കോഴിഫാമുകൾ ആരംഭിക്കും. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 2000 കോഴി ഫാമുകൾ ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്. ഇതിനായി കേരള ബാങ്കിൽനിന്ന് വായ്പ അനുവദിക്കും. വയനാടുള്ള ബ്രഹ്മ​ഗിരി ഡെവലപ്മെന്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ബാങ്കിന്റെ 51 കോടി വായ്പാ സഹായത്തോടെയാണ് പദ്ധതി പാലക്കാട് നടപ്പാക്കുന്നത്.
     1000 കോഴികൾ വീതമുള്ള 1000 ഫാമുകൾ തുടങ്ങുന്നതിന് ഈടില്ലാതെ ഏഴ് ശതമാനം പരിശനിരക്കിൽ രണ്ട് ലക്ഷം രൂപയും 2000 കോഴികൾ വീതമുള്ള 700 ഫാമുകൾ തുടങ്ങുന്നതിന് ഈടോടുകൂടി ഏഴ് ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരേയും വായ്പ അനുവദിക്കും. 3000 കോഴികളുള്ള 300 ഫാമുകൾക്ക് ഈടോടുകൂടി 8.5 ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. സ്വന്തമായി കോഴിഫാമുള്ള കർഷകർക്കാണ് മുൻ​ഗണന. ഫാമില്ലാത്തവർക്ക് തൊഴിലുറപ്പ് പ​ദ്ധതിയിലൂടെ ഫാം അനുവദിക്കും. ഇതിന്റെ നടപടി പൂർത്തിയായാൽ ഉടൻ ബാങ്ക് വായ്പയും ലഭിക്കും. കോഴിക്കുഞ്ഞും തീറ്റയും കർഷകന് നൽകി വളർച്ചയെത്തുമ്പോൾ ബ്രഹ്മ​ഗിരിയുടെ മലബാർ മീറ്റ് മാംസ സംസ്കരണ ഫാക്ടറി വഴി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മൃ​ഗഡോക്ടർ എന്നിവ ഉറപ്പാക്കുന്നത് ബ്രഹ്മ​ഗിരിയുടെ ചുമതലയാണ്.
          തമിഴ്നാട് ലോബിയുടെ ഇടപെടൽ മൂലം ചിക്കന്റെ വില 160 കടന്നു. കോഴി‍ക്കുഞ്ഞുങ്ങളുടെ വിലയും കുതിയ്ക്കുകയാണ്. 10 രൂപയുണ്ടായിരുന്ന വില 30ൽ എത്തി.  കേരളത്തിൽ കൂടുതൽ കോഴി ഉൽപ്പാദിപ്പിച്ച് വില കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനാണ് ഫാമുകൾക്ക് കൂടുതൽ വായ്പ അനുവദിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top