27 April Saturday
മഴയിൽ കൃഷിനാശം

തക്കാളിക്ക് പൊള്ളും വില

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

 പാലക്കാട്‌

അടുക്കളയിലെ രുചിക്കൂട്ടുകളിൽ ഒഴിവാക്കാനാവാത്ത തക്കാളിക്ക്‌ പൊള്ളും വില. കിലോ 120 വരെയാണ്‌ ചില്ലറ വിൽപ്പന കടകളിൽ ഈടാക്കുന്നത്‌. വരവ്‌ തീരെക്കുറഞ്ഞതിനാൽ തക്കാളിക്കായി പല കടകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്‌. തക്കാളിക്കൊപ്പം മുരിങ്ങക്ക, ക്യാരറ്റ്‌, വെണ്ട, പയർ  തുടങ്ങിയ ഇനങ്ങളും തൊട്ടാൽ പൊള്ളിത്തുടങ്ങി. 
തമിഴ്‌നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും കനത്തമഴ തുടരുന്നതാണ്‌ പച്ചക്കറി വിപണിയെ ചൂടുപിടിപ്പിച്ചത്‌. സീസൺ അല്ലാത്തതും മഴയിൽ കൃഷി നശിച്ചതും തിരിച്ചടിയായി. മൈസൂരുവിൽ നിന്നാണ്‌ സാധാരണ തക്കാളി കുടുതൽ എത്തുക. എന്നാൽ കനത്ത മഴയിൽ വിളവെടുപ്പ്‌ നടത്താൻ പറ്റാതായതോടെ തക്കാളി വില ഉയരുകയായിരുന്നു. കിലോയ്ക്ക്‌ 60 രൂപയിലധികമാണ്‌ മൈസൂരു മാർക്കറ്റിലെ വില. അവിടെ നിന്ന്‌ ജില്ലയിലെ മൊത്ത വ്യാപാരികളുടെ കൈയിലെത്തുമ്പോൾ കിലോ 100 രൂപയോളമായി ഉയരും. 110–-120 രൂപയ്ക്കാണ്‌ ചില്ലറ വിൽപ്പന. -
വില കുതിച്ചുയർന്നതോടെ എത്തിക്കുന്ന തക്കാളിയുടെ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. അവിയലിലും സാമ്പാറിലും ഒഴിച്ചുകൂടാനാകാത്ത മുരിങ്ങയ്ക്ക വില തക്കാളിയെ മറികടന്ന് 130 രൂപയായി. മൊത്തവിപണിയിൽ 100 രൂപയിലധികം വിലയുണ്ട്‌. മറ്റ്‌ പച്ചക്കറികളുടെ വിലയും മൊത്തവിപണിയിൽ 40–-60 രുപയോടടുത്ത്‌ നിൽക്കുന്നു. 
സീസണല്ലാത്തതിനാൽ വില ഉയരാറുണ്ടെങ്കിലും ഇത്ര വർധന ആദ്യമാണെന്ന്‌ വ്യാപാരികൾ പറയുന്നു. പച്ചക്കറികടയിലെത്തി വിലകേട്ട്‌ വാങ്ങാതെ പോകുന്നവരും ഉണ്ട്‌. സമീപ സംസ്ഥാനങ്ങളിൽ മഴ തുടർന്നാൽ വില ഇനിയും ഉയരും. ഉയർന്നവില സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടം മറിക്കുന്നു. എന്നാൽ ജില്ലയിലെ കർഷകരിൽനിന്ന്‌ ശേഖരിക്കുന്ന നാടൻ തക്കാളി വിലക്കുറവിൽ വഴിയോരങ്ങളിൽ വിൽപ്പനയ്ക്കുണ്ട്‌.
ഇനം             വില 
             നവം. 1  നവം. 22
തക്കാളി  35  110–-120
മുരിങ്ങയ്ക്ക  60 120
ക്യാരറ്റ്‌  30 45
വെണ്ട 40 70
പയർ 40 70
ബീറ്റ്‌ റൂട്ട്‌ 25 30
കിഴങ്ങ്‌ 15 35–-40   
പച്ചമുളക്‌ 35 40

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top