26 April Friday
പറമ്പിക്കുളത്ത്‌ ആശങ്കയകലുന്നു

ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

പറമ്പിക്കുളത്ത് തകർന്ന ഷട്ടറിന്റെ ഭാഗങ്ങൾ ഡാമിനു താഴെ പാലത്തിൽ തങ്ങിയനിലയിൽ

കൊല്ലങ്കോട് 
പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ്‌ ക്രമീകരിക്കാൻ നടപടിയായി. ഇതിനായി തകർന്ന മധ്യഭാഗത്തെ ഷട്ടറിന്റെ ഇരു ഭാഗത്തേയും ഷട്ടറുകൾ നിയന്ത്രിതമായി തുറന്ന് ജലം പുറത്തേക്ക്‌ ഒഴുക്കി. 
പുഴയിലെ നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ട്‌. അണക്കെട്ടിലെയും പുഴയിലെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ കേരള, തമിഴ്നാട്‌ ജലവിഭവ–-റവന്യു ഉദ്യോഗസ്ഥ സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നു. 
ജലനിരപ്പ്‌ നിശ്ചിത സമയം രേഖപ്പെടുത്തി ക്രമീകരിക്കുന്നുണ്ട്‌. വനം, പൊലീസ് ഉദ്യോഗസ്ഥ സംഘവും സ്ഥലത്തുണ്ട്‌.
അണക്കെട്ടിന്‌ സമീപത്തെ അഞ്ചാം കോളനിയിലെ 21 കുടുംബങ്ങളിലെ 57 പേരെ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റി. വനം വകുപ്പിന്റെ അധീനതയിലുള്ള ടൈഗർ ഹാളിലാണ്‌ ഇവരെ താമസിപ്പിച്ചിരിക്കുന്നത്‌.  
വെള്ളം ഉയരാൻ സാധ്യതയുള്ള കുരിയാർകുറ്റി കോളനിയിലെ 36 കുടുംബത്തെ ഉയർന്ന സ്ഥലത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. 
രണ്ട് ക്യാമ്പുകളിലും ഭക്ഷണം, വൈദ്യസഹായം, സുരക്ഷാ ക്രമീകരണം എന്നിവക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്ന്ന് സുരക്ഷിത നിലയിൽ എത്തുന്നതു വരെ ക്യാമ്പുകൾ തുടരാൻ കെ ബാബു എംഎൽഎ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കേന്ദ്ര ജലകമീഷൻ 
പറമ്പിക്കുളം സന്ദർശിച്ചു
പാലക്കാട് 
കേന്ദ്ര ജല കമീഷൻ അംഗങ്ങൾ പറമ്പിക്കുളം ഡാം സന്ദർശിച്ചു. ചീഫ് എൻജിനിയർ സി കെ ശിവരാജ്, നാഷണൽ ഡാം സേഫ്ടി അതോറിറ്റി അംഗം ആർ തങ്കമണി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. 
തുടർന്ന് കേന്ദ്ര ജല കമീഷൻ അംഗങ്ങൾ കോയമ്പത്തൂരിലെത്തി തമിഴ്നാട് പൊതുമരാമത്ത്, ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. 
നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള പ്രോജക്ട്‌ റിപ്പോർട്ട് തമിഴ്നാട് കേന്ദ്ര സംഘത്തിന് നൽകും. 
ജലനിരപ്പ് കുറഞ്ഞ ശേഷം മറ്റു ഷട്ടറുകളിലെ അവസ്ഥയും പരിശോധിക്കും. തുടർന്ന്‌ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കുന്ന പണി ആരംഭിക്കും. കോണ്ടൂർ കനാലിലൂടെ തിരുമൂർത്തി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിന്റെ അളവ് വർധിപ്പിച്ചതായി തമിഴ്നാട് അധികൃതർ പറഞ്ഞു. 
ജോയിൻ വാട്ടർ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ സുകന്യ, പ്രോജക്ട്‌ ഡയറക്ടർ ശിവദാസ് എന്നിവരടങ്ങുന്ന സംഘം വ്യാഴം പകൽ പറമ്പിക്കുളം ഡാമിലെത്തി പരിശോധന നടത്തി.
ഡാമിലെ ജലനിരപ്പ് താഴ്ന്നു
കൊല്ലങ്കോട് 
പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് താഴ്ന്നു. വ്യാഴം വൈകിട്ട് 10 അടിയാണ്‌ താഴ്ന്നത്‌. ഡാമിനു താഴെ പുഴയ്‌ക്ക് കുറുകെയുള്ള പാലത്തിൽ തടഞ്ഞ നിലയിലാണ്‌ തകർന്ന ഷട്ടർ. 
ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിലൂടെയും ഭാഗികമായി തുറന്ന മറ്റ് രണ്ട് ഷട്ടറുകളിലൂടെയും ഒഴുകുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞു. പരമാവധി 1,825 അടി സംഭരണ ശേഷിയുള്ള ഡാമിൽ ഷട്ടർ തകരുമ്പോൾ 1,824 അടിയായിരുന്നു. 
വ്യാഴം വൈകീട്ട് 1,815 .80 അടിയായി താഴ്ന്നു. ഇതേ ഒഴുക്ക് തുടരുകയാണെങ്കിൽ ഞായറാഴ്ചയോടെ ജലനിരപ്പ് ഷട്ടർ നിരപ്പിനോടൊപ്പമെത്തും.
ജലനിരപ്പ് താഴുന്നതോടെ തകരാർ കണ്ടെത്തി ഷട്ടർ പുനഃസ്ഥാപിക്കാൻ ചെന്നൈയിൽനിന്ന് വിദഗ്ധ സംഘം ബുധൻ വൈകിട്ട് തന്നെ പറമ്പിക്കുളത്തെത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top