06 May Monday

പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നിൽ കോൺഗ്രസിന്‌ നിലപാടില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
പാലക്കാട്‌
പലസ്തീനിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രൂരതക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ നിലപാടില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലയിൽ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ട്‌ കുട്ടികളെയും സ്‌ത്രീകളെയും കൊന്നതിൽ നിലപാട്‌ ചോദിച്ചപ്പോൾ ഹൈക്കമാൻഡ്‌ പറയുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ക്രൂരമായി കൊല്ലപ്പെടുന്ന പലസ്‌തീൻ ജനതയ്‌ക്കൊപ്പമാണോ നരാധമന്മാരായ ഇസ്രയേലിനൊപ്പമാണോ കോൺഗ്രസ്‌ എന്ന്‌ ചോദിച്ചപ്പോഴും പ്രതികരണമില്ല. പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസ്‌ ദേശീയനേതൃത്വത്തിന്‌ കൃത്യമായ നിലപാടില്ല.  പലസ്‌തീനിനെ  പിന്തുണച്ച മഹാത്മാഗാന്ധിയുടെ നിലപാടിനെയാണ്‌ കോൺഗ്രസ്‌ തള്ളിക്കളയുന്നത്‌. പലസ്‌തീനോട്‌ എന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്‌ സിപിഐ എം നിലപാട്‌. അമേരിക്കക്കൊപ്പം ഇസ്രയേലിന്റെ ആക്രമണത്തെ പിന്തുണക്കുകയാണ്‌ മോഡി സർക്കാർ.  ഐക്യരാഷ്‌ട്ര സഭയുടെ നിർദേശങ്ങൾ പാലിക്കാതെയാണ്‌  ആക്രമണം. പലസ്‌തീനെ എന്നും പിന്തുണക്കുന്നതാണ്‌ ഇന്ത്യയുടെ നിലപാട്‌. അതിനു വിരുദ്ധമായി ഇസ്രയേലിനൊപ്പമെന്നാണ്‌ മോഡി പ്രഖ്യാപിച്ചത്‌. നമ്മുടെ തല അപമാനഭാരത്താൽ താഴുകയാണ്‌. പലസ്‌തീനെ ആക്രമിച്ച ഇസ്രയേലിന്‌ മണിക്കൂറുകൾക്കുള്ളിൽ പിന്തുണ പ്രഖ്യാപിച്ച മോദി സർക്കാർ മണിപ്പുർ കത്തി 100 ദിവസം കഴിഞ്ഞപ്പോഴും പ്രതികരിച്ചില്ല. സ്‌ത്രീകളെ കൂട്ട ബലാൽസംഗം ചെയ്‌തിട്ടും ആളുകളെ കൊന്നിട്ടും കൂസലില്ല. സ്‌ത്രീകളെ വേട്ടയാടുമ്പോഴാണ്‌  വനിതാ സംവരണ ബിൽ നടപ്പാക്കുമെന്ന ഗിമ്മിക്കുമായി വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
കെ റെയിൽ ഇല്ലാതാകില്ല
ഒറ്റപ്പാലം
കോൺഗ്രസും ലീഗും ബിജെപിയും എതിർത്തതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ല. ഇനിയും എതിർക്കുമെന്ന അവരുടെ പ്രഖ്യാപനം പ്രശ്നമല്ല. ആത്മധൈര്യത്തോടെയാണ് ഇക്കാര്യം പറയുന്നത്‌. ജനങ്ങൾക്ക്‌ കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ നടപ്പാക്കും. വന്ദേഭാരതിന്റെ വേഗത കണ്ട് ജനങ്ങൾ നല്ല ആവേശത്തിലാണ്. പക്ഷേ ഇരട്ടി ചാർജാണ്‌ പ്രശ്നം. ദേശീയപാത വികസനവും സമാനമായ നിലയിൽ എതിർപ്പ്‌ മറികടന്നാണ് ഇഛാശക്തിയോടെ സർക്കാർ  നടപ്പാക്കുന്നത്. ഇതിനെ വയൽക്കിളികൾ പോലെയുള്ള സംഘടനകൾ സമരരംഗത്ത്‌ ഉണ്ടായിരുന്നു. ജനങ്ങൾക്ക് നല്ല നഷ്ട പരിഹാരവും ബോധവൽക്കരണവും നൽകിയപ്പോൾ എതിർപ്പ്‌ ഇല്ലാതായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top