27 April Saturday

യുഡിഎഫ്‌ സമരങ്ങളിൽ 
ആളുകുറയുന്നു; 
ആശങ്കപങ്കുവച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
പാലക്കാട്‌
സർക്കാരിനെതിരെ യുഡിഎഫ്‌ സംഘടിപ്പിക്കുന്ന സമരങ്ങളിൽ  ജനം കുറയുന്നത്‌ ഗൗരവമായികാണണമെന്ന്‌ നേതാക്കൾ. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ്‌ ജില്ലാനേതൃയോഗത്തിലാണ്‌ മുന്നണിയുടെ ശിഥിലമായ അവസ്ഥ പല നേതാക്കളും പങ്കുവച്ചത്‌. ബഫർസോൺ വിഷയം യുഡിഎഫിന്റെ കൈയിൽനിന്ന്‌ പോയി. മണ്ണാർക്കാട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറിൽതാഴെ പേർ മാത്രമാണ്‌ പങ്കെടുത്തത്‌. പലയിടത്തും ഇതാണ്‌ അവസ്ഥ.  മണ്ഡലം കമ്മിറ്റികൾ ചേരുന്നില്ല. പലയിടത്തും സംഘടനതന്നെയില്ല. ഇങ്ങനെ പോയിട്ട്‌ കാര്യമില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പാലക്കാട്ടെ നേതാക്കൾക്ക്‌ മുന്നറിയിപ്പ്‌ നൽകിയത്‌. 
കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിൽ മുസ്ലിം ലീഗ്‌ പ്രതിനിധികൾ പങ്കെടുക്കാത്തതും ചർച്ചയായി. വെള്ളിയാഴ്‌ചയായതിനാൽ ഉച്ചയ്‌ക്ക്‌ ലീഗ്‌ പ്രതിനിധികൾ പള്ളിയിൽപോകാൻ ഇറങ്ങിയതാണ്‌ അവരുടെ അഭാവത്തിന്‌ കാരണമെന്ന്‌ നേതാക്കൾ പറഞ്ഞു. വി ഡി സതീശൻ യോഗം ഉദ്‌ഘാടനം ചെയ്യാൻ എത്തിയപ്പോൾ സദസ്സിലുള്ളതിനേക്കാൾ കൂടുതൽ പേർ വേദിയിലുണ്ടായി. അതിനാൽ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ സദസ്സിൽ ഇരുന്നു. നേതാക്കളുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ വേദിയിൽ കയറിയത്‌. എച്ച്‌എസ്‌എസ്‌ടിഎ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വി ഡി സതീശന്റെ സമയം വൈകിപ്പിച്ചത്‌ അവിടത്തെ സ്വാഗത പ്രാസംഗികനും അധ്യക്ഷനുമാണെന്നാണ്‌ ആക്ഷേപം. 
ഇരുവരും കൂടി അരമണിക്കൂർ പ്രസംഗിച്ചു. അതോടെ 11.30 ന്‌ തുടങ്ങേണ്ട യുഡിഎഫ്‌ നേതൃയോഗത്തിന്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്കാണ്‌ എത്തിയത്‌. അപ്പോഴേക്കും ഘടകകക്ഷി നേതാക്കൾ പലരും സ്ഥലം വിട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top