06 May Monday

തൊഴിലുറപ്പ്‌ ക്ഷേമനിധിയും മോദിയുടെ അക്കൗണ്ടിലാക്കി വ്യാജപ്രചാരണം

ബിമൽ പേരയംUpdated: Saturday Oct 21, 2023
 
പാലക്കാട്‌
രാജ്യത്തിനാകെ മാതൃകയായി കേരളം തൊഴിലുറപ്പ്‌ ക്ഷേമനിധി നടപ്പാക്കി അഞ്ചുമാസം പിന്നിടുമ്പോൾ അതിന്റെ പിതൃത്വം മോദി സർക്കാരിന്‌ സമ്മാനിച്ച്‌ മാധ്യമങ്ങൾ. മെയ്‌ 15ന്‌ പാലക്കാട്ടാണ്‌ തൊഴിലുറപ്പ്‌ ക്ഷേമനിധിയുടെ സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്‌. പതിനായിരങ്ങളാണ്‌ ചടങ്ങിന്‌ സാക്ഷ്യംവഹിച്ചത്‌. ഇത്‌ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തതുമാണ്‌. മാസങ്ങൾക്കുശേഷം സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ നുണപ്രചാരണങ്ങളെ പിൻപറ്റി ചില മാധ്യമങ്ങൾ വാർത്ത ചമയ്‌ക്കുകയായിരുന്നു. തൊഴിലാളികൾക്ക്‌ 7,500 രൂപ പ്രസവാനുകൂല്യവും ചികിത്സയ്‌ക്ക്‌ 10,000 രൂപയും നൽകുന്നത്‌ സംസ്ഥാന സർക്കാരാണ്‌. കേന്ദ്രസർക്കാർ തുടങ്ങിവച്ച പദ്ധതിയെന്നായിരുന്നു പ്രചാരണം. നുണകളെ വസ്‌തുതയെന്നുകരുതി പ്രചരിപ്പിച്ചവരിൽ ചിലർ തെറ്റ്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിഞ്ഞു. എന്നാൽ, ലക്ഷക്കണക്കിന്‌ പേരിലേക്കാണ്‌ ഈ നുണ എത്തിയത്‌.
  അറുപത്‌ വയസ്സ്‌ തികഞ്ഞവർക്ക്‌ പെൻഷൻ, 20,000 രൂപവരെ കുടുംബത്തിന്‌ മരണാനന്തരസഹായം, 10 വർഷം അംശദായം അടച്ചയാൾ മരിച്ചാൽ കുടുംബപെൻഷൻ, ജോലി ചെയ്യാൻ കഴിയാതെ വന്നാൽ അടച്ച പണം പലിശസഹിതവും അവശതാപെൻഷൻ, 7,500 രൂപ പ്രസവാനുകൂല്യം, ചികിത്സാച്ചെലവിന്‌ 10,000 രൂപ, വനിതാ അംഗങ്ങളുടെയും പ്രായപൂർത്തിയായ മക്കളുടെയും വിവാഹച്ചെലവിന്‌ 5,000 രൂപ എന്നിങ്ങനെയാണ്‌ ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ. 100 തൊഴിൽദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 1,000 രൂപ ഉത്സവബത്തയും അനുവദിച്ചിരുന്നു. 4.6 ലക്ഷം ആളുകളിലേക്കാണ്‌ സർക്കാരിന്റെ സഹായമെത്തിയത്‌. 28.98 ശതമാനം കുടുംബങ്ങളാണ്‌ 100 തൊഴിൽദിനം പൂർത്തിയാക്കിയത്‌. പട്ടികവർഗ കുടുംബങ്ങൾക്ക്‌ 100 തൊഴിൽദിനം അധികമായി ട്രൈബൽ പ്ലസ്‌ പദ്ധതിയിലൂടെയും നടപ്പാക്കി. 29,083 കുടുംബമാണ്‌ പദ്ധതിയുടെ ഭാഗമായത്‌. 12.32 ലക്ഷം തൊഴിൽദിനങ്ങളും സൃഷ്‌ടിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പദ്ധതിയെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോഴാണ്‌ ഇതെല്ലാം മറച്ചുപിടിച്ച്‌ മോദിയുടെ അക്കൗണ്ടിലാക്കിയുള്ള വ്യാജപ്രചാരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top