06 May Monday

ലിയോക്ക്‌ വൻവരവേൽപ്പ്‌; തിയറ്ററുകൾ 
പൂരപ്പറമ്പാക്കി ആരാധകർ

സ്വന്തം ലേഖകൻUpdated: Friday Oct 20, 2023
 
പാലക്കാട്‌
ദളപതി വിജയ്‌യുടെ ‘ലിയോ’ക്ക്‌ കേരളക്കരയിൽ വൻവരവേൽപ്പ്‌. പുലർച്ചെ തന്നെ ആരാധകർ തിയറ്ററുകൾ പൂരപ്പറമ്പാക്കി. വ്യാഴം പുലർച്ചെ നാലിനായിരുന്നു കേരളത്തിൽ ചിത്രത്തിന്റെ ആദ്യഷോ. തമിഴ്‌നാട്ടിൽ ഫാൻസ്‌ ഷോ ഉണ്ടായിരുന്നില്ല. കോടതി ഉത്തരവ്‌ മൂലം രാവിലെ ഒമ്പതിനായിരുന്നു റിലീസ്‌. അതിനാൽ തമിഴ്‌നാട്ടിൽനിന്നുള്ള നൂറുകണക്കിന്‌ ആരാധകരാണ്‌ ആദ്യഷോ കാണാൻ പാലക്കാടെത്തിയത്‌. അതിർത്തി പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കൊല്ലങ്കോട്‌ എന്നിവിടങ്ങളിലെ തിയറ്ററുകളിലേക്ക്‌ പൊള്ളാച്ചിയും കോയമ്പത്തൂരിലും നിന്ന്‌ ബസിലും ട്രാവലറിലുമായാണ്‌ തമിഴ്‌നാട്ടിൽനിന്ന്‌ സ്‌ത്രീകളും കുട്ടികളുമടക്കം പടം കാണാനെത്തിയത്‌. ജില്ലയിലെ പ്രധാന തിയറ്ററുകളിലെല്ലാം കൂടുതൽ പ്രദർശനങ്ങളുണ്ടായി.
ഫാൻസ്‌ ഷോ തുടങ്ങുന്നതിനും മണിക്കൂറുകൾക്കുമുമ്പേ വിജയ്‌യുടെ കൂറ്റൻ ഫ്ലക്‌സ്‌ചിത്രത്തിനുമുന്നിൽ നാളികേരമുടച്ചും പാലഭിഷേകം ചെയ്‌തും ആരാധകർ ആഘോഷം തുടങ്ങി. റിലീസിനുമുമ്പേ ഷോകളുടെ മുഴുവൻ ടിക്കറ്റും വിറ്റിരുന്നു. 
ചിത്രത്തിലെ മാസ് നമ്പറുകൾക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ഈണങ്ങളും ആരാധകർ ഏറ്റെടുത്തു. മാസ്റ്ററിനുശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിച്ച ചിത്രമാണ്‌ ലിയോ. 14 വർഷങ്ങൾക്കുശേഷം വിജയ്‌ക്കൊപ്പം തൃഷ നായികയായി. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായിയെത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. 
മലയാളി യുവതാരം മാത്യു തോമസ്‌ വിജയ്‌യുടെ മകനായി ചിത്രത്തിലുണ്ട്‌. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട്‌ എന്നീ ബാനറുകളിൽ ലളിത്കുമാറും ജഗദീഷ് പളനി സ്വാമിയും ചേർന്നാണ് ലിയോ നിർമിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top