27 April Saturday
കശ്‌മീരിൽ അശാന്തി മാത്രം

വിഭജനത്തിന്റെ ബാക്കി 
കണ്ണീരും മുറിവും: തരിഗാമി

എസ്‌ സിരോഷUpdated: Sunday Jun 19, 2022
പാലക്കാട്‌
കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച നയങ്ങൾ കശ്‌മീരി ജനതയുടെ സമാധാനം തകർത്തതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. ഇന്നവിടെ പണ്ഡിറ്റുകൾക്ക്‌പോലും തങ്ങാൻ പറ്റാത്ത സാഹചര്യമാണ്‌. മുറിവേറ്റ്‌ കരയുകയാണ്‌ കശ്‌മീരി ജനത. അക്രമത്തിന്റെയും ഭീകരവാദത്തിന്റെയുമൊക്കെ പേരിലാണ്‌ ഇപ്പോഴും നാട്‌ അറിയപ്പെടുന്നത്‌. എന്നാൽ കശ്‌മീരിന്റെ കണ്ണീരിനെ വിൽപ്പനച്ചരക്കാക്കുകയാണ്‌ മോദിയും സംഘവും. സുന്ദരമായ ആ താഴ്‌വരയിൽ സമാധാനത്തോടെ ജീവിക്കാൻ കശ്‌മീരികളെ കേന്ദ്രം അനുവദിക്കുന്നില്ല–‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ തരിഗാമി പറഞ്ഞു. രാഷ്‌ട്രീയപ്രവർത്തനത്തിനടക്കം ഇന്ന്‌ നിയന്ത്രണമുണ്ട്‌. 
സിപിഐ എം മറ്റ്‌ രാഷ്‌ട്രീയപാർടികളുമായി ചേർന്ന്‌ പ്രവർത്തനം സംഘടിപ്പിക്കുകയാണ്‌. ഗുപ്‌കർ സഖ്യം(പീപ്പിൾസ്‌ അലയൻസ്‌ ഫോർ ഗുപ്‌കർ ഡിക്ലറേഷൻ) അതിന്റെ ഭാഗമാണ്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുമ്പോഴുള്ള കേന്ദ്ര അവകാശവാദവും നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ല. ഭരണഘടനാ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണ്‌. ഒരു വികസനവുമില്ല. കശ്‌മീരികളാകെ നിരാശരാണ്‌. വല്ലാതെ അന്യവൽക്കരിക്കപ്പെടുന്നു. പ്രധാനമന്ത്രി കശ്‌മീരിജനതയും ഡൽഹിയുമായുള്ള വിടവ്‌ കുറയ്‌ക്കാൻ ഒന്നിക്കണമെന്ന്‌ പറഞ്ഞു. എന്നാൽ വിഭജനശേഷം അകലംകൂടിയതായാണ്‌ അനുഭവം. പുതിയ ജീവിതോപാധികൾ സൃഷ്‌ടിച്ചില്ല. വാഗ്‌ദാനങ്ങൾ ഒന്നും നടപ്പായില്ല. പുറമേ കാണുന്നതും കേൾക്കുന്നതുമല്ല യഥാർഥ കശ്‌മീർ. കശ്‌മീരിനെ വിഭജിച്ച്‌ എന്തു നേടിയെന്ന്‌ കേന്ദ്രവും ബിജെപിയും വ്യക്തമാക്കണം. 
കശ്‌മീരികൾ  കൂടുതലായി സൈന്യത്തിലേക്ക്‌ വരാൻ താൽപ്പര്യമുള്ളവരാണ്‌. എന്നാൽ അഗ്നിപഥ്‌ എല്ലാം തകിടം മറിച്ചു. ഇതിനുപിന്നിൽ നമുക്കറിയാത്ത മറ്റെന്തോ പദ്ധതി കേന്ദ്രത്തിനുണ്ട്‌–-തരിഗാമി പറഞ്ഞു. ചിറ്റൂരിൽ പാഞ്ചജന്യം ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഹമ്മദ്‌ യൂസഫ്‌ തരിഗാമി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top