26 April Friday
മില്ലുടമകളുടെ യോഗം ഇന്ന്‌

ഒന്നാംവിള നെല്ലുസംഭരണം ഒക്ടോബർ ആദ്യം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
ഒന്നാംവിള നെല്ലുസംഭരണം ഒക്ടോബർ ആദ്യം
സ്വന്തം ലേഖിക
പാലക്കാട്‌
സപ്ലൈകോ വഴിയുള്ള ഒന്നാംവിള നെല്ലുസംഭരണം ഒക്ടോബർ ആദ്യം ആരംഭിക്കും. നിലവിൽ പുതുശേരി പാഡികോയും കോട്ടയം ജില്ലയിലെ ഓയിൽ പാമും രണ്ട്‌ സ്വകാര്യ മില്ലുകളുമാണ്‌ സംഭരണത്തിന്‌ തയ്യാറായത്‌. 
നെല്ല് സൂക്ഷിച്ചുവയ്‌ക്കാനുള്ള കർഷകരുടെ ബുദ്ധിമുട്ട്‌ ഒഴിവാക്കാൻ ഈ മില്ലുകളെ ഉപയോഗിച്ച്‌ സംഭരണം തുടങ്ങാനാണ്‌ പദ്ധതി. കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ പ്രതിസന്ധിയുണ്ടായപ്പോൾ ഈ ഏജൻസികളാണ്‌ നെല്ലെടുത്തത്‌. നെല്ല് സൂക്ഷിക്കാൻ പാഡികോയ്‌ക്ക്‌ ഗോഡൗണുണ്ട്‌. കൂടുതൽ ഗോഡൗൺ കണ്ടെത്താൻ സപ്ലൈകോ നടപടി പുരോഗമിക്കുന്നു.
നെല്ലെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ അരി മില്ലുടമകളുമായുള്ള പ്രശ്‌നത്തിന്‌ പരിഹാരം കാണാനായില്ല. അമ്പതോളം മില്ലുകളാണ്‌ പാലക്കാട്‌ ജില്ലയിൽനിന്ന്‌ മാത്രം നെല്ലെടുക്കുന്നത്‌. കഴിഞ്ഞദിവസം സിവിൽ സപ്ലൈസ്‌ മന്ത്രി മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സംഭരണവുമായി സഹകരിക്കുന്ന വിഷയത്തിൽ മില്ലുടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ വെള്ളിയാഴ്‌ച യോഗം ചേരും. 
2018ലെ പ്രളയത്തിൽ ഗോഡൗണുകളിൽ സൂക്ഷിച്ച ധാന്യം വെള്ളം കയറി നശിച്ചതിന്റെ നഷ്ടം വഹിക്കുന്നത്‌ സംബന്ധിച്ച പ്രശ്‌നമാണ്‌ പ്രതിസന്ധിയുണ്ടാക്കുന്നത്‌‌. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴുള്ള നഷ്ടം വഹിക്കാൻ തയ്യാറല്ലെന്നാണ്‌ മില്ലുടമകളുടെ 
നിലപാട്‌. 
കൊയ്‌ത്ത്‌ തുടങ്ങിയ സാഹചര്യത്തിൽ മില്ലുടമകൾ സർക്കാരിനെ സമ്മർദത്തിലാക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഈ അവസരം മുതലാക്കി സ്വകാര്യ മില്ലുകൾ കർഷകരിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ നെല്ല് കൈക്കലാക്കുന്ന അവസ്ഥ മുൻകാലങ്ങളിലുണ്ടായിരുന്നു.
സപ്ലൈകോ വഴിയുള്ള ഒന്നാംവിള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 
8300  കർഷകർ‌ രജിസ്‌റ്റർ ചെയ്‌തു‌.‌ പുതിയ അപേക്ഷ 500ൽ താഴെയാണ്‌. ഒന്നാംവിളയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തവർ ഇത്തവണ ചെയ്യേണ്ടതില്ലെന്ന്‌ അറിയിച്ചിട്ടുണ്ടെങ്കിലും പല കർഷകരും വീണ്ടും ചെയ്യുന്നു.  കൃഷിഭവനുകളിൽ 2019–-20 വർഷം ഒന്നാംവിളയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തവരുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്‌. 
രജിസ്‌റ്റർ ചെയ്‌തവർക്ക്‌ കൃഷി ചെയ്‌ത ഭൂമിയുടെ അളവിലോ നെല്ലിനത്തിലോ വ്യത്യാസമുണ്ടെങ്കിൽ കൃഷി ഭവനുകളിൽ അറിയിച്ച്‌ മാറ്റം വരുത്താം‌. കൃഷി ഓഫീസർമാർക്കാണ്‌ വിവരങ്ങൾ പരിശോധിച്ച്‌ അംഗീകാരം നൽകാനുള്ള ചുമതല. 
കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ 50,200 കർഷകർ രജിസ്‌റ്റർ ചെയ്‌തിരുന്നു. 
ഇത്തവണ സുഭിക്ഷ കേരളത്തിലെ തരിശുനില കൃഷികൂടി വന്നതോടെ വർധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top