27 April Saturday
ഇന്ന്‌ ലോകമുളദിനം

ഇതാ, ബാലകൃഷ്ണന്റെ ‘മുളചരിതം’

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 

എം സനോജ്
ഒറ്റപ്പാലം
ഏഴുവര്‍ഷംമുമ്പ്‌ സ്വന്തം പുരയിടത്തില്‍ മുളന്തോട്ടം ഒരുക്കുമ്പോള്‍ തൃക്കങ്ങോട് പനയംകണ്ടത്ത് മഠത്തിൽ ബാലകൃഷ്ണനെ പലരും ഒന്നിരുത്തി നോക്കി. ആരെങ്കിലും മുള കൃഷി ചെയ്യുമോ എന്നായിരുന്നു ആ നോട്ടത്തി​ന്റെ അര്‍ഥം. അന്ന് നട്ടുപിടിപ്പിച്ച ഒന്നര ഏക്കര്‍ മുളന്തോട്ടം ഇപ്പോൾ വരുമാനമാർഗമാണ്‌.
തൃക്കങ്ങോട് പ്രദേശത്തിനാകെ ശു​ദ്ധവായു നല്‍കുന്നതിനൊപ്പം സമീപത്തെ കിണറുകള്‍ക്കും നീരുറവകള്‍ക്കും ജലസമൃദ്ധിയുമേകുന്നു.  ലോകമുളദിനമായ സെപ്‌തംബർ 18ന്‌ തന്റെ സ്വപ്‌നം യാഥാർഥ്യമായ  ദിവസങ്ങൾ ഓർമ്മിക്കുകയാണ്‌  ബാലകൃഷ്‌ണൻ. 
പ്രദേശത്തെ മുളകള്‍ പൂത്ത് നശിച്ചുതുടങ്ങിയപ്പോഴാണ് മുളക്കൃഷി എന്ന ആശയം ബാലകൃഷ്ണനിൽ ഉദിച്ചത്. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ സഹായത്തോടെ മുള നട്ടുപിടിപ്പിച്ചു. മുള്ളില്ലാത്ത ഇനം ബാംബൂസ് വൾഗാരിസ്, ബാംബു സബാൽക്കുവ, ഡെൻഡ്രോ കലാമസ് ജൈജാ​ന്റിസ് നാടൻ ഇനം ബാംബൂസ് ബാംബോസ് എന്നിവയാണ് തോട്ടത്തിലുള്ളത്. തോട്ടത്തി​ന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വാണിയംകുളം പഞ്ചായത്ത് തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനമുണ്ട്‌.
വിപണന സാധ്യതയുള്ള വിളയാണ് ‘ഹരിത സ്വര്‍ണ’മെന്നറിയപ്പെടുന്ന മുള. ബാംബു കോർപറേഷൻ പോലുള്ള സ്ഥാപനങ്ങൾമുതല്‍ വട്ടി, കുട്ട, മുറം, പേപ്പർ, പ്ലൈവുഡ്, കടലാസ്, ടൈൽസ്, വസ്ത്രം, സംഗീതോപകരണങ്ങൾ, കരകൗശല വസ്തു നിര്‍മാണം, കെട്ടിട നിര്‍മാണ മേഖല എന്നിവയ്ക്ക് മുള അവശ്യവസ്തുവാണ്‌. ഇവിടേക്കെല്ലാം ഈ തോട്ടത്തിൽ നിന്ന്‌ മുള കയറ്റി അയക്കുന്നു.  
2018ലെ വനമിത്ര അവാര്‍ഡ് ബാലകൃഷ്ണന്‌ ലഭിച്ചിട്ടുണ്ട്‌.  മുളക്കൃഷി പ്രമേയമാക്കി "പാമര​ന്റെ മരം' എന്ന ഹ്രസ്വചിത്രം ഒരുക്കി. ലോക മുളദിനത്തിൽ മന്ത്രി വി എസ് സുനിൽകുമാർ യൂട്യൂബിൽ ചിത്രം പ്രകാശനം ചെയ്യും. എസ് സുജിത്താണ് സംവിധാനം. കാവശേരി ​ഗവ. എല്‍പിഎസിലെ റിട്ട. പ്രധാനാധ്യാപകനായ ബാലകൃഷ്ണൻ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനറാണ്.  ഭാര്യ സിന്ധുവും മക്കൾ   ശ്രീലക്ഷ്‌മിയും അമർനാഥും പ്രോത്സാഹനമായി കൂടെയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top