26 April Friday

ജനാധിപത്യ മഹിളാ അസോസിയേഷൻ 
ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻUpdated: Thursday Oct 6, 2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് 
പൊതുസമ്മേളന നഗരിയിൽ കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ പതാക ഉയർത്തുന്നു

വടക്കഞ്ചേരി 

വനിതകളുടെ സമരസംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന് വടക്കഞ്ചേരിയിൽ പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ എം സി ജോസഫൈൻ നഗറിൽ(വടക്കഞ്ചേരി ബസ്‌സ്‌റ്റാൻഡ്‌ മൈതാനം)കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ പതാക ഉയർത്തി. പുതുശേരി കൊടുമ്പിലെ സത്യഭാമ ടീച്ചറുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കൊണ്ടുവന്ന കൊടിമരം സംസ്ഥാനകമ്മിറ്റി അംഗം കെ ഓമന എറ്റുവാങ്ങി. 
തൃത്താലയിലെ കൊച്ചുസാറ ടീച്ചറുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കൊണ്ടുവന്ന പതാക സംസ്ഥാന കമ്മിറ്റി അംഗം വി എ ഷീജ ഏറ്റുവാങ്ങി. സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന് കൊടിമര–--പതാക ജാഥകളുടെ സ്വീകരണപരിപാടി ഒഴിവാക്കിയിരുന്നു. പതാക ഉയർത്തൽ ചടങ്ങിൽ കെ സുലോചന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌, പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി എം ശശി, ഏരിയ സെക്രട്ടറി ടി കണ്ണൻ, രമ ജയൻ എന്നിവർ സംസാരിച്ചു. 
വ്യാഴാഴ്ച രാവിലെ 10ന്‌ കൊച്ചുസാറടീച്ചർ നഗറിൽ(വടക്കഞ്ചേരി റോളക്‌സ്‌ ഓഡിറ്റോറിയം)പ്രതിനിധിസമ്മേളനം അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 ഏരിയകളിൽനിന്നായി ജില്ലാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 350 പ്രതിനിധികൾ പങ്കെടുക്കും. വെള്ളിയാഴ്ച പൊതുചർച്ച, മറുപടി, എന്നിവയ്ക്ക്ശേഷം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ പ്രതിനിധിസമ്മേളനം സമാപിക്കും. വൈകിട്ട്‌ പൊതുസമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ ഉദ്ഘാടനം ചെയ്യും.
കൊടുമ്പ്‌ മിഥുനംപള്ളത്തെ സത്യഭാമ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽ കൊടിമരജാഥ കേന്ദ്ര കമ്മിറ്റിയംഗം കെ എസ്‌ സലീഖ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, കെ ഗുരുവായൂരപ്പൻ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി ശിവകാമി, പ്രസിഡന്റ്‌ എം നസീമ, എം സുജാത എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top