26 April Friday
പ്രശ്‌നങ്ങൾക്ക്‌ പരിഹാരം

സർക്കാർ ഇടപെട്ടു;
ക്വാറി, ക്രഷർ സമരം നിർത്തി

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023
 
 
പാലക്കാട്‌
നിർമാണമേഖലയുടെ സ്‌തംഭനത്തിന്‌ ഭീഷണിയായ ക്വാറി, ക്രഷർ യൂണിറ്റുകളുടെ സമരം പിൻവലിച്ചു. മന്ത്രിമാരായ പി രാജീവ്‌, ആന്റണി രാജു എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ്‌  സമരം പിൻവലിക്കാൻ ധാരണയായത്‌. ജനുവരി 30 നാണ്‌ ഉൽപ്പാദനവും വിപണനവും നിർത്തി ക്വാറി, ക്രഷർ യൂണിറ്റുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അനിശ്ചിതകാല സമരം ആരംഭിച്ചത്‌.
സമരം ആരംഭിച്ചതോടെ ജില്ലയിലെ വീട്‌, കെട്ടിട നിർമാണങ്ങളുൾപ്പെടെ  പ്രതിസന്ധിയിലായി. പലയിടത്തും നിർമാണം തടസ്സപ്പെട്ടു. കൺസ്‌ട്രക്‌ഷൻ കമ്പനികൾ ഉൾപ്പെടെ തൊഴിലാളികൾക്ക്‌ അവധി നൽകി. ക്വാറി, ക്രഷർ യൂണിറ്റുകളിൽ പണിയെടുത്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടിലേക്ക്‌ പോയി. നിർമാണത്തിലുള്ള  സർക്കാർ കെട്ടിടങ്ങൾക്കും റോഡുകൾക്കും ഉൾപ്പെടെ സ്‌റ്റോക്ക്‌ തീർന്നിരുന്നു. മെറ്റൽ, എം സാൻഡ്‌, പാറപ്പൊടി, കരിങ്കല്ല്‌ എന്നിവ ലഭ്യമല്ലാതായി. നികുതിനഷ്‌ടം സംഭവിച്ചിട്ടും അയൽസംസ്ഥാനങ്ങളിൽനിന്ന്‌ ഉൾപ്പെടെ സാധനങ്ങൾ 
എത്തിച്ച്‌ ചിലയിടങ്ങളിൽ നിർമാണം തുടരുകയായിരുന്നു. 
ജില്ലയിലെ 69 ക്രഷർ യൂണിറ്റും 70 ക്വാറിയും അഞ്ചുദിവസം അടഞ്ഞുകിടന്നു. ഈ സാഹചര്യത്തിലാണ്‌ ക്വാറി, ക്രഷർ  യൂണിറ്റ്‌ ഉടമകളുമായും സംഘടനാ പ്രതിനിധികളുമായും ചർച്ച നടന്നത്‌. ആവശ്യങ്ങളെ അനുഭാവപൂർവം കണ്ട്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുമെന്ന ഉറപ്പിനെ തുടർന്ന്‌ സമരം അവസാനിപ്പിക്കുകയായിരുന്നു. രാവിലെ ഒമ്പതുമുതൽ പത്തുവരെയും വൈകിട്ട്‌ നാലുമുതൽ അഞ്ചുവരെയും കുട്ടികൾ സ്‌കൂളിലേക്ക്‌ പോകുകയും മടങ്ങുന്നതുമായ സമയങ്ങളിൽ ടിപ്പറുകൾ ഓടില്ലെന്ന ഉറപ്പും സംഘടന നൽകി. 
മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിൽനിന്ന്‌ നൽകേണ്ട രേഖകൾക്ക്‌ ചില ഉദ്യോഗസ്ഥൻ കാലതാമസം വരുത്തിയിരുന്നു. സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കുന്നതിലും  മെല്ലെപ്പോക്ക്‌ നയം സ്വീകരിച്ചിരുന്നു. പാരിസ്ഥിതിക അനുമതികൾക്കും കാലതാമസമുണ്ടായി. അന്യായമായി മോട്ടോർ വാഹനവകുപ്പ്‌ പിഴ ചുമത്തുന്നതായും  പരാതി ഉണ്ടായിരുന്നു. പരാതികളിൽ പരിഹാരം കാണുന്നതിനായി എട്ടിന്‌ ക്വാറി, ക്രഷർ സംഘടനാപ്രതിനിധികളുമായി വീണ്ടും ചർച്ചയുണ്ടാകും. തിങ്കളാഴ്‌ച മുതൽ ക്വാറി, ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുമെന്ന്‌ ക്രഷർ ഓണേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ കെ നാരായണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top