26 April Friday
മഴ 
കനത്തു

ഉരുൾപൊട്ടൽ, നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലി പാലത്തിന്‌ മുകളിലൂടെ മംഗലം പുഴ കവിഞ്ഞ്‌ ഒഴുകുന്നു

 പാലക്കാട്‌

തിങ്കളാഴ്‌ച രാത്രി മുതൽ കനത്തു പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശം. മംഗലം ഡാം വണ്ടാഴി തളികക്കല്ല്‌ കോളനിയിലും നെല്ലിയാമ്പതിയിലെ കാരപ്പാറയിലും ഉരുൾപൊട്ടി. ആളപായമില്ല. നെല്ലിയാമ്പതിയിൽ ഏഴ്‌ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. പോത്തുണ്ടി അണക്കെട്ട്‌ തുറന്നു. മംഗലം ഡാം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. മീങ്കരയിൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചു. നിരവധി പ്രദേശങ്ങളിലെ കാർഷികവിളകൾ വെള്ളത്തിനടിയിലായി. 
കൊടുമ്പ്‌ മിഥുനംപള്ളത്ത്‌ തോട്‌ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. എലപ്പുള്ളി, പൊൽപ്പുള്ളി, കൊടുമ്പ്‌ പഞ്ചായത്തുകളിൽ നെൽപ്പാടം വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ തേങ്കുറുശി ദുർഗാപറമ്പ്‌ മാളുവിന്റെ വീട്‌ ഭാഗികമായി തകർന്നു. മുടപ്പല്ലൂരിൽ മമേലം പുഴയിലെ കൊഴുക്കുള്ളി, കരിപ്പാലം പാലങ്ങൾ വെള്ളത്തിനടിയിലായി. തിങ്കളാഴ്‌ച തുടങ്ങിയ മഴ രാത്രിയും കുറഞ്ഞിട്ടില്ല. ആലത്തൂർ താലൂക്കിൽ സ്‌കൂളുകൾ ഉച്ചയ്‌ക്ക്‌ശേഷം അവധി നൽകി. 
നല്ലേപ്പിള്ളി കേണംപുള്ളിയിൽ അകമ്പാടം ചാൽ തകർന്ന് ഏഴ് ഏക്കറിലെ വിള നശിച്ചു. തിങ്കളാഴ്‌ച അർധരാത്രിയിൽ പെയ്‌ത മഴയിലാണ് അകമ്പാടം ചാലിന്റെ ബണ്ട് തകർന്നത്‌. കേണംപുള്ളി സ്വദേശികളായ ബി പ്രശാന്ത്, സുലോചന, രാജഗോപാലൻ, രാമചന്ദ്രൻ, രമേശൻ എന്നിവരുടെ കൃഷിസ്ഥലത്താണ്‌ വെള്ളം കയറിയത്‌. 2018ലും സമാനരീതിയിൽ ബണ്ട് തകർന്ന് വിള നശിച്ചിരുന്നു.
തൃത്താല ആനക്കര ശിവക്ഷേത്രം റോഡിലെ വീടുകളില്‍ വെള്ളം കയറി. കുന്നത്ത് ചന്ദ്രന്റെ പറമ്പിൽ കിണറിന്സമീപത്തെ മോട്ടോറില്‍ വെള്ളം കയറി. ഇതിനു സമീപത്തെ തറമല്‍ ഷാജിയുടെ വീട്ടുവളപ്പിലും വെള്ളമെത്തി. ആനക്കര പഴയ റോഡിൽ വെള്ളം കുത്തിയൊഴുകി ആനക്കര നീലിയാട് റോഡ് ഉള്‍പ്പെടെയുള്ള ഭാഗം വെള്ളം കയറി.
എന്‍ജിനിയര്‍ റോഡ് മേല്‍ഭാഗങ്ങളില്‍നിന്നുള്ള വെള്ളം ശക്തമായി ഒഴുകി കുമരനെല്ലൂര്‍ അപ്പത്തുംപറമ്പില്‍ ബഷീറിന്റെ വീടിനുള്ളിലേക്ക്‌ കയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും നശിച്ചു. കേരള ബ്ലാസ്‌റ്റേഴ്സ് ഫുട്ബോൾ താരം മുര്‍ഷിന്റെ വീടാണിത്‌. ഏത് സമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്‌. മേലഴിയം മാനാടിയിൽ നീലിയുടെ വീട്‌ പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. ഗായത്രിപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന്‌ ആലംപള്ളം ചപ്പാത്ത്‌ വെള്ളത്തിനടിയിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top