26 April Friday
ഉറപ്പ്‌ പാലിച്ച്‌ തോമസ് ഐസക്

സ്‌നേഹയുടെ സ്വന്തം സ്നേഹവീട്

സ്വന്തം ലേഖകൻUpdated: Tuesday Aug 3, 2021
കുഴൽമന്ദം
സ്വന്തം കവിതയിലൂടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ഇടംപിടിച്ച കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്നേഹയുടെ വീടിന്റെ താക്കോൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് കൈമാറി. വീടിന്റെ പാലുകാച്ചൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. വീടിനുമുന്നിൽ തോമസ് ഐസക്  പ്ലാവിന്‍ തൈയും  നട്ടു.  
കോവിഡ്‌ മൂലം വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന സ്‌നേഹയുടെ കവിത തോമസ്‌ ഐസക്ക് സംസ്ഥാന ബജറ്റിന്റെ ആമുഖത്തിൽ  ഉൾപ്പെടുത്തിയിരുന്നു. തുടർന്ന്‌  സ്‌നേഹയെ  വിളിച്ച്‌ മന്ത്രി അഭിനന്ദനം അറിയിച്ചപ്പോഴാണ്‌  താന്‍ പഠിക്കുന്ന സ്‌കൂളിന് നല്ല കെട്ടിടം വേണമെന്ന ആവശ്യമുന്നയിച്ചത്‌. എന്നാൽ സ്‌നേഹ താമസിക്കുന്നത്‌ അടച്ചുറപ്പില്ലാത്ത വീട്ടിലാണെന്ന് അറിഞ്ഞപ്പോൾ വീട്‌ നിർമിച്ചുനൽകുമെന്ന്‌ തോമസ് ഐസക്‌ കുഴൽമന്ദത്ത്‌ എത്തി വാക്കു നൽകി. ആ വാക്കാണ് തിങ്കളാഴ്ച പാലിക്കപ്പെട്ടത്. 
 ജനകീയാസൂത്രണ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് വീട് നിർമിക്കാൻ എട്ടു ലക്ഷം രൂപ സമാഹരിച്ചത്. "സ്നേഹവീട്' എന്നാണ് വീടിന്റെ പേര്. 
താക്കോൽ കൈമാറ്റച്ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ രാമകൃഷ്ണൻ, ശിവരാമൻ എന്നിവർ സംസാരിച്ചു. നൂറ് വിദ്യാർഥികൾ രചിച്ച "കവിത വീട്' എന്ന കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കുഴൽമന്ദം യൂണിറ്റിന്റെ പാരിതോഷികമായി തോമസ് ഐസക് രചിച്ച "മണ്ണും മനുഷ്യനും' എന്ന പുസ്തകം സ്നേഹയ്ക്ക് നൽകി.
പഞ്ചായത്ത്  സ്ഥിരം സമിതി ചെയർപേഴ്സൺ രമ്യ രാജ് സ്വാഗതവും സ്നേഹ നന്ദിയും പറഞ്ഞു.  കുഴൽമന്ദം സ്‌കൂൾ കെട്ടിടം നിർമിക്കുന്ന സ്ഥലവും തോമസ് ഐസക് സന്ദർശിച്ചു. സ്‌കൂളിലെ പുതിയ കെട്ടിടത്തിന് ഏഴു കോടി രൂപയാണ്‌ അനുവദിച്ചത്. കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. കെ ഡി പ്രസേനൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നാണ്  കൂടുതൽ തുക അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top