26 April Friday

മരുതറോ‍ഡ് ബാങ്ക് മോഷണം: 
തിരുട്ടുഗ്രാമത്തിലെ സംഘമെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
വാളയാർ
മരുതറോഡ്‌ സഹകരണ റൂറൽ ക്രെഡിറ്റ്‌ സംഘത്തിലെ മോഷണത്തിനു പിറകിൽ തിരുട്ടുഗ്രാമത്തിലെ കവർച്ചാസംഘമെന്ന്‌ സംശയം. സംസ്ഥാന അതിർത്തിയിലും ദേശീയപാതകളിലും കവർച്ചാ സംഘത്തിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചു. ഏഴരക്കിലോ സ്വർണമാണ് ബാങ്കിൽനിന്ന് മോഷണം പോയത്. 2007 മാർച്ച് 23ന് കാഞ്ഞിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ എഴക്കാട് ശാഖയിൽനിന്ന് 44 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നത് ഇത്തരം സംഘങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.  
സംഘം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന തമിഴ്നാട് പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രധാന അതിർത്തികളിലും ഊടുവഴികളിലും കേരള പൊലീസ് പരിശോധന തുടങ്ങി. തുടർന്ന്‌ വാളയാറിൽ ജാ​ഗ്രതാ നിർദേശം നൽകി. 
തിങ്കളാഴ്ച പുലർച്ചെയാണ് കവർച്ചാ സംഘത്തിന്റെ ദൃശ്യം വാളയാറിനടുത്ത ചാവടി ചെക്‌പോസ്റ്റിനു സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞത്‌. പോത്തനൂർ, മധുക്കര, ചാവടി, വാളയാർ കേന്ദ്രീകരിച്ചാണ് ഇവരുടെ സഞ്ചാരം. ഇതിനോടകം ഒട്ടേറെ യാത്രക്കാർ ഇവരുടെ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായതായി പൊലീസ് സംശയിക്കുന്നു. മുമ്പും ഇവർ പാലക്കാട്ടിൽ കവർച്ച നടത്തിയിരുന്നു. ഒരു ഇടവേളയ്ക്കുശേഷമാണ് ഇവരുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിക്കുന്നത്. 
കഴിഞ്ഞ മാസം വാളയാർ ഡാമിൽ അജ്ഞാതർ കടന്നു എന്ന അഭ്യൂഹത്തെത്തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. മോഷണസംഘത്തെ പിടികൂടാൻ പ്രത്യേക സം​ഘം കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ പരിശോധന തുടരുന്നു.  
ആരാണ് തിരുട്ടു
ഗ്രാമത്തിലെ കവർച്ചാ സംഘക്കാർ...?
തമിഴ്നാട്ടിലെ തിരുട്ടു​ഗ്രാമത്തിലെ മോഷണ സംഘങ്ങളാണിവർ. കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്ത്‌ തോൽപ്പിച്ച്‌ കവർച്ച നടത്താൻശേഷിയുള്ള നൂറോളം പേരുണ്ട് സംഘത്തിൽ.  പകൽ സമയങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസ്സിലാക്കും. തുടർന്ന് രാത്രിയാണ് മോഷണം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ച്‌ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി വീടുകളിലെത്തും. ഒറ്റപ്പെട്ട വീടുകളിലാണ് പ്രധാനമായും മോഷണം നടത്തുന്നത്. 
സിനിമയ്ക്കും പ്രമേയം
തിരുട്ടുഗ്രാമത്തിലെ കവർച്ചാ സംഘത്തെക്കുറിച്ച് തമിഴിൽ സിനിമയും ഇറങ്ങിയിട്ടുണ്ട്. 2017ൽ കാർത്തി നായകനായ "തീരൻ' സിനിമ ഇത്തരം സംഘങ്ങളുടെ മോഷണവും ഇവരെ പിടികൂടുന്ന പൊലീസുകാരന്റെ ജീവിതവുമാണ് പറഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top