27 April Saturday
സംസ്ഥാന ബജറ്റ് ഇന്ന്

വികസനത്തുടർച്ചയാകും ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
പാലക്കാട്‌
പ്രാദേശിക വികസനപ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം നൽകി  വെള്ളിയാഴ്‌ച സംസ്ഥാന ബജറ്റ്‌ അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ ബജറ്റിലെ മണ്ഡലത്തിലെ പദ്ധതികളെക്കുറിച്ചും അവ എത്തിനിൽക്കുന്ന ഘട്ടങ്ങളെക്കുറിച്ചും എംഎൽഎമാർ വിശദീകരിക്കുന്നു.
എം ബി രാജേഷ്‌ –-തൃത്താല
കഴിഞ്ഞ ബജറ്റിൽ 15.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ്‌  മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചത്‌. 12.5കോടി തൃത്താല കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിനും മൂന്ന്‌ കോടി കൂറ്റനാട്‌ പെരിങ്ങോട്‌ റോഡിനും. എസ്‌റ്റിമേറ്റും പ്രോജക്‌ട്‌ റിപ്പോർട്ടും തയ്യാറാക്കി സമർപ്പിച്ചു. ഹെൽത്ത്‌ സെന്ററിന്‌  ഫെബ്രുവരിയിൽ ഭരണാനുമതി ലഭിക്കും. റോഡിന്‌ ഭരണാനുമതി ലഭിച്ചു. ഈ മാസം ടെൻഡർ ചെയ്യും. പ്രവൃത്തി മാർച്ചിൽ തുടങ്ങും. റോഡുകൾക്കും ജലസേചന പദ്ധതികൾക്കുമായി 20 പ്രൊപ്പോസൽ പുതിയ ബജറ്റിൽ സമർപ്പിച്ചു.
ചിറ്റൂർ–-കെ കൃഷ്‌ണൻകുട്ടി
56 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കഴിഞ്ഞതവണ അനുമതി ലഭിച്ചത്. പെരുമാട്ടിയിൽ 10കോടി രൂപയുടെ പഴം പച്ചക്കറി മാർക്കറ്റ്, നാലുകോടി രൂപ മീനാക്ഷിപുരം ബസ് സ്‌റ്റാൻഡിന്‌, നാലു കോടി രൂപ ചെലവിൽ കോടതി കോംപ്ലക്സ്, വണ്ടിത്താവളം ബൈപാസിന് രണ്ടുകോടി രൂപ, വണ്ടിത്താവളത്ത് ഡ്രെയിനേജ് നിർമാണത്തിന് ഒരു കോടി, ടെക്നിക്കൽ ഹൈസ്കൂളിന് ഒരു കോടി, ഫയർസ്റ്റേഷന്‌ ഒരു കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഇതിൽ പഴം പച്ചക്കറി മാർക്കറ്റ്, മീനാക്ഷിപുരം ബസ് സ്റ്റാൻഡ്‌, ബൈപാസ് എന്നിവയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണത്തിനായി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചു. 
വണ്ടിത്താവളത്ത് ഡ്രെയിനേജ് ടെൻഡർ നടപടികൾ കഴിഞ്ഞു. മറ്റ് പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണ്. 
മലമ്പുഴ–- എ പ്രഭാകരൻ
15 കോടി രൂപയുടെ പദ്ധതികൾക്കാണ്‌ കഴിഞ്ഞ തവണ ഭരണാനുമതി ലഭിച്ചത്‌. മരുതറോഡ്‌–-കൂട്ടുപാത–-പാറ ഇരട്ടക്കുളം റോഡിന്‌ അഞ്ചുകോടി ലഭിച്ചു. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായി. അടുത്ത ആഴ്‌ച പ്രവൃത്തി തുടങ്ങും. മുണ്ടൂർ സാംസ്‌കാരിക നിലയത്തിന്‌ അഞ്ചുകോടി, അകത്തേത്തറ വാർഡ്‌ ശ്മശാനത്തിന്‌ രണ്ടുകോടി തുടങ്ങിയവയായിരുന്നു പ്രധാന പദ്ധതികൾ, ഡിപിആർ ഉൾപ്പെടെ തയ്യാറായി കഴിഞ്ഞു.
കെ ബാബു –-നെന്മാറ
സീതാർക്കുണ്ട്‌ ജലസേചന പദ്ധതിക്ക്‌ 10 കോടി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചു. പദ്ധതി രേഖ തയ്യാറാകുന്നു. വിനോദസഞ്ചാര മേഖലയായ നെല്ലിയാമ്പതി ഉൾപ്പെടെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പുതിയ ബജറ്റിൽ പ്രതീക്ഷയുണ്ട്‌.
കെ പ്രേംകുമാർ –--ഒറ്റപ്പാലം
നാല്‌ റോഡ്‌ കഴിഞ്ഞ ബജറ്റിൽ ഇടം നേടി. കോട്ടപ്പുറം–- ആറ്റാശേരി റോഡ് രണ്ടുകോടി രൂപ, പൂക്കോട്ടുകാവ്–- -കാട്ടുകുളം–-- മംഗലാംകുന്ന് റോഡ് മൂന്നുകോടി, നാട്ടുകൽ–-തള്ളച്ചിറ റോഡ് രണ്ടുകോടി, കടമ്പൂർ –-വേട്ടേക്കര–- കടമ്പഴിപ്പുറം റോഡിന്‌ മൂന്നുകോടി രൂപയുമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 
തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിക്ക്‌ രണ്ടു ഘട്ടമായി അഞ്ചുകോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. പുതിയ ബജറ്റിൽ പൊതുമരാമത്ത്, കായിക, സാംസ്കാരിക മേഖലയിൽ പ്രതീക്ഷയുണ്ട്‌. 
ആലത്തൂർ–- കെ ഡി പ്രസേനൻ
കഴിഞ്ഞ ബജറ്റിൽ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കായിരുന്നു ഭരണാനുമതി. മണ്ഡലത്തിലെ വിവിധ അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചുകോടി രൂപയും ആലത്തൂർ കോർട്ട് റോഡ്–-- ഗാന്ധി ജങ്‌ഷൻ–- -തെക്കുമുറി റോഡ് നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി അഞ്ചുകോടി രൂപയും സമഗ്ര കാർഷിക വികസന പദ്ധതി നിറയ്ക്ക് ഒരുകോടി രൂപയുമാണ് ലഭിച്ചത്. 
മൂന്ന് പദ്ധതിയുടേയും എസ്റ്റിമേറ്റും പ്രോജക്ട് റിപ്പോർട്ടും തയ്യാറാകുന്നു. ഗ്രാമീണ റോഡുകളുടെ നവീകരണം, ആർ കൃഷ്ണൻ സ്മാരക സാംസ്കാരിക സമുച്ചയം ഉൾപ്പെടെ വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ രംഗത്തെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും അടങ്ങുന്ന 20 പ്രൊപ്പോസൽ പുതിയ ബജറ്റിൽ സമർപ്പിച്ചു.
തരൂർ–- പി പി സുമോദ്‌
26 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കാണ്‌ മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചത്‌. ഒമ്പതുകോടി കുരുത്തിക്കോട് പാലത്തിനും ഒരുകോടി കോട്ടായി കനാൽ സൈഫണിനും അനുവദിച്ചു. കുരുത്തിക്കോട് പാലത്തിന്റെയും കോട്ടായി കനാൽ സൈഫണിന്റെയും എസ്‌റ്റിമേറ്റും പ്രോജക്‌ട്‌ റിപ്പോർട്ടും സമർപ്പിച്ചു. 
 2.26 കോടി മേപ്പാടം- മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷന്‌ അനുവദിച്ചു. ഇതിന്‌ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതികൂടി ലഭിക്കണം. കാർഷിക മേഖലയ്‌ക്ക് പ്രാധാന്യം നൽകി 20 പ്രൊപ്പോസൽ പുതിയ ബജറ്റിൽ സമർപ്പിച്ചു.
ഷൊർണൂർ–- പി മമ്മിക്കുട്ടി 
അടയ്‌ക്കാപുത്തൂർ–- കാരണങ്ങാട്ടിൽ ലിങ്ക്  റോഡ് നിർമാണം രണ്ടുകോടി, ചെർപ്പുളശേരി–- പന്നിയങ്കുറുശി–-തൂത റോഡ് നാലുകോടി, ഷൊർണൂർ–-- കുളപ്പുള്ളി–- - ആലിൻചുവട് കണയം റോഡ് നാലുകോടി എന്നിവയ്‌ക്കാണ്‌ കഴിഞ്ഞ ബജറ്റിൽ ഭരണാനുമതി ലഭിച്ചത്‌. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കോങ്ങാട്‌–-കെ ശാന്തകുമാരി
കാരാകുറുശി ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്‌ അഞ്ചുകോടി, ഓരോ കോടി വീതം നീക്കിവച്ച കോങ്ങോട്‌ സ്‌റ്റേഡിയം,  മങ്കര മാനാംകുളം, തച്ചമ്പാറ കമ്യൂണിറ്റി ഹാൾ, മീൻവല്ലം റോഡ്‌, തൃക്കളൂർ സ്‌കൂൾ കെട്ടിടം എന്നിവയ്‌ക്ക്‌ ഭരണാനുമതിയായി. തുടർ നടപടി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റിൽ 10 കോടിയാണ്‌ വകയിരുത്തിയത്‌.
പട്ടാമ്പി –-മുഹമ്മദ് മുഹസിൻ 
മൂന്ന്‌ പദ്ധതിക്കായി 10 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മൂന്നുകോടി അനുവദിച്ച പട്ടാമ്പി ഫയർ സ്റ്റേഷന്റെ സ്ഥലം ഏറ്റെടുപ്പ് നടപടി പൂർത്തിയാകുന്നു. എസ്റ്റിമേറ്റ് സമർപ്പിച്ചു. 
പൊലീസ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പ് (മൂന്നുകോടി ) നടപടി പൂർത്തിയായി. രൂപരേഖയും എസ്റ്റിമേറ്റും നൽകി. ഈമാസം ഭരണാനുമതി ലഭിക്കും. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജലസംഭരണിയും ജലസേചന സൗകര്യങ്ങളും (നാലുകോടി ) പ്രവൃത്തിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറായി. മഴക്കാലത്തിനുമുമ്പ് പദ്ധതി പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഷാഫി പറമ്പിൽ–- പാലക്കാട്‌ 
പിരായിരി പഞ്ചായത്തിൽ കളിസ്ഥലത്തിന്‌ അഞ്ചുകോടി രൂപയാണ്‌ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്‌. വനംവകുപ്പുമായി രണ്ടര ഏക്കർ സ്ഥലത്തിനായി ചർച്ച നടക്കുന്നു. 
പാലക്കാട്‌ സ്‌റ്റേഡിയം സ്‌റ്റാൻഡ്‌–-കൽവാക്കുളം ബൈപാസ്‌ പദ്ധതിയുടെ പൂർത്തീകരണം, മത്സ്യം–-പച്ചക്കറി മാർക്കറ്റ്‌ , ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവയുടെ നവീകരണത്തിനും ബജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നു.
മണ്ണാർക്കാട്‌–- എൻ ഷംസുദ്ദീൻ
അട്ടപ്പാടി റോഡ്‌ 100 കോടി, അലനല്ലൂർ–-കോട്ടപ്പാറ, അട്ടപ്പാടി കുടിവെള്ള പദ്ധതികൾക്ക്‌ 25 കോടി, കണ്ണങ്കുണ്ട്‌ പാലത്തിന്‌ 10 കോടി, വിവിധ സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ 10 കോടി, ഗോത്രവർഗ പദ്ധതികൾക്ക്‌ 12 കോടി എന്നിങ്ങനെയാണ്‌ കഴിഞ്ഞ ബജറ്റിൽ മണ്ഡലത്തിന്‌ ലഭിച്ച വിഹിതം. 
നിർമാണപ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്‌. പുതിയ ബജറ്റിൽ 100 കോടി രൂപയുടെ പദ്ധതികൾക്ക്‌ പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top