26 April Friday
പെൻഷൻകാർ ആശങ്കയിൽ

ക്ഷേമ പെൻഷൻകാരിൽനിന്ന്‌ ഒപ്പ്‌ശേഖരിച്ച്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
ചിറ്റൂർ 
പെൻഷൻകാരിൽനിന്ന്‌ കോൺഗ്രസുകാർ വെള്ള പേപ്പറിൽ ഒപ്പിട്ടുവാങ്ങുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ തത്തമംഗലം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ ഗവ.സർവന്റ്‌സ്‌ സഹകരണ സംഘം പെൻഷൻ വിതരണം നടത്തിയവരിൽനിന്നാണ് കോൺഗ്രസുകാർ വെള്ള പേപ്പറിൽ ഒപ്പുശേഖരണം നടത്തുന്നത്. കഴിഞ്ഞ തവണവരെ പെൻഷൻ വിതരണം നടത്തിയ ഏജന്റുമാർ വീടുകളിലെത്തി വയോധികരെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പുവാങ്ങുന്നത്. എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയുമില്ല. ഇതോടെ ഒപ്പിട്ടു നൽകിയവർ ആശങ്കയിലാണ്. 
കഴിഞ്ഞ തവണ തത്തമംഗലം സർവീസ് സഹകരണ സംഘം, പട്ടഞ്ചേരി സർവീസ് സഹകരണ സംഘം എന്നീ ബാങ്കുകൾ
വഴിയുള്ള പെൻഷൻ വിതരണത്തിൽ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പെൻഷൻ വിതരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഗവ.സർവന്റ്‌സ്‌ സഹകരണ സംഘത്തെ ചുമതലപ്പെടുത്തിയത്.
സർവന്റ്‌സ്‌ സഹകരണ സംഘം പെൻഷൻ വിതരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പട്ടഞ്ചേരി പഞ്ചായത്തിലെ 11 വാർഡുകളിലും തത്തമംഗലത്ത് ആറുവാർഡുകളിലും 97 ശതമാനത്തിലധികം വിതരണം പൂർത്തീകരിച്ചു. ഇതിനു സമീപ പ്രദേശങ്ങളിൽ തത്തമംഗലം, പട്ടഞ്ചേരി ബാങ്കുകളുടെ വിതരണം പല ഭാഗങ്ങളിലും തുടങ്ങിയിട്ടുപോലുമില്ല. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന്‌ ഇടയാക്കിയതോടെയാണ് ഒപ്പുശേഖരണവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്. പെൻഷൻ ലഭിച്ചുവെന്ന് ഉറപ്പുവരുത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അക്ഷരാഭ്യാസമില്ലാത്തവരിൽനിന്ന്‌ ഒപ്പ് ശേഖരിക്കുന്നത്.
മരിച്ചവരുടെ പേരിൽ പെൻഷൻ വിതരണം, വ്യാജ ഒപ്പിട്ട് ഏജന്റ് തുക കൈപ്പറ്റൽ, കോവിഡ് കാലത്തും വയോധികരായ പെൻഷൻകാരെ ഏജന്റുമാരുടെ വീട്ടിലേക്ക് വരുത്തി പെൻഷൻ നൽകൽ എന്നിങ്ങനെ നിരവധി പരാതികളാണ്‌ ഈ രണ്ടു സഹകരണ ബാങ്കുകളുടെ പേരിലും ഉയർന്നത്‌. 
പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌ ഈ ബാങ്കുകളെ പെൻഷൻ വിതരണത്തിൽ നിന്ന്‌ ഒഴിവാക്കി ചിറ്റൂർ ഗവ.സർവന്റ്‌സ്‌ സഹകരണസംഘത്തെ ചുമതലപ്പെടുത്തിയത്. ചിറ്റൂർ–- തത്തമംഗലം നഗരസഭ പ്രദേശത്തും പട്ടഞ്ചേരി പഞ്ചായത്തിലുമായി 3000 സാമൂഹ്യ സുരക്ഷാ പെൻഷൻകാർക്ക് സംഘത്തിലൂടെ 74ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top