26 April Friday

കാട്ടായിക്കോണത്ത്‌ ആർഎസ്‌എസ്‌, പൊലീസ്‌ അതിക്രമം , യുഡിഎഫ്‌–-ബിജെപി പ്രകോപനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


തിരുവനന്തപുരം
സമാധാനപരമായ വോട്ടെടുപ്പിൽ കുഴപ്പമുണ്ടാക്കി എൽഡിഎഫ്‌ വിജയം തടയാൻ സംസ്ഥാന വ്യാപകമായി ചിലയിടങ്ങളിൽ യുഡിഎഫ്‌–-ബിജെപി ശ്രമം. തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലും ഇവർ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത്‌ പുറത്തുനിന്ന്‌ ആളെയിറക്കി കലാപമുണ്ടാക്കി പോളിങ്‌ അട്ടിമറിക്കാനായിരുന്നു ബിജെപി ശ്രമം. ഇതിന്‌ പൊലീസിലെ ഒരു ഉദ്യോഗസ്ഥനും കൂട്ടുനിന്നതായി പരാതിയുണ്ട്‌. അക്രമികളായ ആർഎസ്‌എസ്‌ –-ബിജെപി സംഘത്തെ തൊടാത്ത പൊലീസ്‌ കോർപറേഷൻ കൗൺസിലർ അടക്കമുള്ള സിപിഐ എം നേതാക്കളെ മർദിച്ചു. പോത്തൻകോട്‌ എസ്‌ഐയുടെ നേതൃത്വത്തിൽ ഇവരുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും ചെയ്‌തു. 

കൗൺസിലർ ഡി രമേശൻ, പോത്തൻകോട്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ, എൽഡിഎഫ്‌ സ്ഥാനാർഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗം സജു എന്നിവരെ മർദിച്ചു. തുടർന്ന്‌ കൗൺസിലറുടെ വീട്ടിൽ കയറി പൊലീസ്‌ അദ്ദേഹത്തിന്റെ ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തു. സിപിഐ എം ലോക്കൽ സെക്രട്ടറി അരുണിനെയും  ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുർജിത്തിനെയും പൊലീസ്‌ മർദിച്ചു. പൊലീസിന്റെ ഈ നടപടി ദുരൂഹമാണ്‌. പൊലീസ്‌ മാറ്റാർക്കോവേണ്ടി പ്രവർത്തിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രാവിലെ രണ്ട്‌ കാറിൽ എത്തിയ പുറത്തുനിന്നുള്ള ബിജെപി–-ആർഎസ്‌എസ്‌ സംഘം ഒരു പ്രകോപനവുമില്ലാതെ എൽഡിഎഫ്‌ പ്രവർത്തകരെ ആക്രമിച്ചു.   എരിവുപകരാൻ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനും എത്തി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമാണ്‌ കാട്ടായിക്കോണം. ഇവിടെ പ്രശ്‌നമുണ്ടാക്കി എൽഡിഎഫ്‌ തെരഞ്ഞെടുപ്പുപ്രവർത്തനം താറുമാറാക്കലായിരുന്നു ആർഎസ്‌എസ്‌–-ബിജെപി ഗൂഢലക്ഷ്യം.  കാറിൽനിന്ന്‌ ഇറങ്ങിയ സംഘം കടവരാന്തയിൽ നിന്ന രണ്ടു പേരെ മർദിച്ചു.  എന്നാൽ, മുതിർന്ന  പൊലീസ്‌ ഉദ്യോഗസ്ഥരും എൽഡിഎഫ്‌ നേതാക്കളും ഇടപെട്ട്‌ സമാധാനാന്തരീക്ഷമുണ്ടാക്കി. 

ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത്‌ സംഘർഷമുണ്ടായി. ഹരിപ്പാട്‌ പതിയാങ്കരയിൽ സിപിഐ എം പ്രവർത്തകനെ കോൺഗ്രസുകാർ  മർദിച്ചു. വോട്ടു ചെയ്‌ത്‌‌ ഇറങ്ങിവന്ന പതിയാങ്കര സ്വദേശി സാജനാ (35)ണ്‌ മർദനമേറ്റത്‌. ആലപ്പുഴ  സക്കറിയ ബസാറിലെ പോളിങ് സ്‌റ്റേഷനു മുന്നിൽ മുസ്ലിംലീഗ് ജില്ലാ നേതാക്കൾ ഏറ്റുമുട്ടി. ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ ടൗൺ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫൽ കൈയേറ്റം ചെയ്‌തതിനെത്തുടർന്നാണ്‌ സംഘർഷം. ലീഗ് പ്രവർത്തകരും തമ്മിലടിച്ചു. പൊലീസിനു നേരെയും ആക്രമണമുണ്ടായി. ആലപ്പുഴ നഗരസഭയിൽ ലീഗിന്റെ  ദയനീയ പരാജയത്തെച്ചൊല്ലിയാണ്‌ സംഘർഷമുണ്ടായത്‌.

വോട്ടുചെയ്യാൻ വീട്ടിൽനിന്ന്‌ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീണ്‌ മധ്യവയസ്‌കൻ മരിച്ചു. മണ്ണഞ്ചേരി സ്വദേശി കെ ജെ നസീറാ (52)ണ്‌ മരിച്ചത്‌.

ഒമ്പതിടത്ത്‌ വോട്ടിങ്‌ യന്ത്രം തകരാറിലായി. ഉടൻ എല്ലായിടത്തെയും പ്രശ്‌നം പരിഹരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മ അസുഖമായതിനാൽ വോട്ടുചെയ്‌തില്ല. ദേവകിയമ്മയ്‌ക്ക്‌ ഇരട്ട വോട്ടുണ്ടായിരുന്നു. തിരുവൻവണ്ടൂർ കല്ലിശ്ശേരി വിഎച്ച്എസ് സ്‌കൂൾ ബൂത്തിൽ കള്ളവോട്ട്‌ നടന്നതായി പരാതി. എൽഡിഎഫിന്റെ പരാതിയെ തുടർന്ന് ടെൻഡർ വോട്ട്‌ രേഖപ്പെടുത്തി.

കണ്ണൂർ പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ യുഡിഎഫുകാർ പ്രിസൈഡിങ് ഓഫീസർ പ്രശാന്ത്‌കുമാറിനെ ആക്രമിക്കാൻ ശ്രമിക്കുന്നത്‌ തടഞ്ഞ  രണ്ട്‌ എൽഡിഎഫ്‌ ബൂത്ത് ഏജന്റുമാർക്ക്‌ പരിക്കേറ്റു. പി പ്രീയേഷ്‌ (43), സി വി ശ്രീകേഷ്‌ (28) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇവരെ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം കെകെഎൻ പരിയാരം സ്‌മാരക ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൽഡിഎഫ്‌ ബൂത്ത്‌ ഏജന്റ്‌ പി രഞ്‌ജിത്തിനെ മുസ്ലിംലീഗുകാർ മർദിച്ചു. പാനൂർ പുല്ലൂക്കരയിൽ 149–-ാം നമ്പർ ബൂത്തിനടുത്ത്‌  സിപിഐ എം പ്രവർത്തകരെ മുസ്ലിംലീഗുകാർ ആക്രമിച്ചു. പരിക്കേറ്റ പുല്ലൂക്കര ഓച്ചിറക്കൽപീടികയിൽ ഒതയോത്ത് സ്വരൂപ് (22), സി ദാമോദരൻ (52) എന്നിവരെ പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top