26 April Friday

മാനവും മനസ്സും നിറഞ്ഞു; ‌കുൽസുവിന് പുത്തൻ വീട്‌‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

 

പൊന്നാനി  
അയിരൂർ കുണ്ടുച്ചിറ പാലത്തിനടിയിൽ നിർമാണം പൂർത്തിയാക്കിയ സ്‌നേഹ ബൊമ്മാടത്തിൽ  പാൽ തിളച്ചുപൊങ്ങുമ്പോൾ പുറത്ത് കോരിച്ചൊരിയുന്ന മഴ. മനസ്സിലെ കാർമേഘം നീങ്ങിയതിനാൽ കുൽസുവിനെ അത്‌ ആകുലപ്പെടുത്തിയില്ല. പ്രകൃതിയും സന്തോഷിക്കുന്നതായി അവർ കരുതി. നെയ്‌തുകൂട്ടിയ സ്വപ്നങ്ങൾ യാഥാർഥ്യമായതിന്റെ സന്തോഷം മുഖത്ത്‌ മിന്നിക്കത്തുന്നുണ്ടായിരുന്നു. 
ബുധനാഴ്ച രാവിലെ 10നാണ്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നുറുക്കിൽ കുൽസുവിന് വീടിന്റെ താക്കോൽ നൽകിയത്‌. സ്പീക്കർ പാലുകാച്ചി ഉദ്ഘാടനവും നിർവഹിച്ചു. പത്ത്‌ കുടുംബങ്ങൾക്കാണ് പുതിയ വീട്ടിലേക്ക്‌ പ്രവേശിക്കാനായത്‌. ഇനി ആറ്‌ വീടുകൾകൂടി ഉടൻ ഒരുങ്ങും. പുറമ്പോക്കിലെ ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ കഴിയുന്നവരായിരുന്നു കുൽസു അടക്കമുള്ളവർ. 
പ്രളയം തകർത്ത കുടുംബങ്ങളെ സഹായിക്കാൻ സ്പീക്കർ നടത്തിയ ഇടപെടലാണ് ഇവർക്ക്‌ തുണയായത്‌. എരമംഗലത്തെ ഫ്രണ്ട് ലൈൻ ഗ്രൂപ്പ് ഉടമ കിളിയിൽ നാസർ 96 ലക്ഷം രൂപ ഇതിന്‌ ചെലവാക്കി. കുഴൽക്കിണർ നിർമാണവും മോട്ടോർ വയ്‌ക്കലും ഫ്രണ്ട് ലൈൻ ഗ്രൂപ്പുതന്നെ നിർവഹിച്ചു.  പ്രവാസി ലഫീർ മുഹമ്മദാണ്  33 സെന്റ്‌  വിലയ്‌ക്കുവാങ്ങി നൽകിയത്. പുറമ്പോക്കിലെ മറ്റ്‌ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അയിരൂരിൽ 14 സെന്റ്‌  കോടത്തൂരിലെ വി എം അഹമ്മദുണ്ണിയും നൽകിയിട്ടുണ്ട്. ഇവിടെ സുമനസ്സുകളുടെ സഹായത്തോടെ പുനരധിവാസം യാഥാർഥ്യമാക്കുമെന്ന്‌ സ്പീക്കർ പറഞ്ഞു.  നാസറിനെയും ലഫീർ മുഹമ്മദിനെയും  സ്പീക്കർ അഭിനന്ദിച്ചു.  ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ആലുങ്ങൽ അഷ്റഫ്, വാരിപറമ്പിൽ ബഷീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top