26 April Friday

ആപ്പിലായി മാലിന്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
മഞ്ചേരി
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പാഴ്‌വസ്തു ശേഖരിക്കാൻ ഹരിത കേരളം മിഷന്റെ മൊബൈൽ ആപ് വരുന്നു. കെൽട്രോണിന്റെ സഹായത്തോടെ 'സ്മാർട്ട് ഗാർബേജ്' എന്ന പേരിലാണ് ആപ് ഒരുക്കിയത്. 
ആദ്യഘട്ടത്തിൽ ഏഴ് നഗരസഭ ഉൾപ്പെടെ 36 തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ വാർഡിലും ഓരോ വീട്ടിലേയും പാഴ്വസ്തുക്കൾ എത്രയെന്നും സംസ്‌കരണം എങ്ങനെയെന്നും ആപ് വഴി അറിയാനാകും. ആപ് ആദ്യം മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. പിന്നീട് പ്രത്യേക ക്യൂ ആർ കോഡുകൾ ഓരോ വീടുകളിലും സ്ഥാപിക്കും. മാലിന്യം ശേഖരിക്കാൻ എത്തുന്ന ഹരിതസേനാംഗങ്ങൾ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വിവരങ്ങൾ അപ്‌ഡേറ്റ്ചെയ്യും. ഓരോ പഞ്ചായത്തുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങൾ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര യൂണിറ്റുമായി ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾക്ക് സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കും. നഗരസഭയിലെ മാലിന്യ ശേഖരണ സംവിധാനമായ എംസിഎഫിന്റെ ആർജിതശേഷി, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ആർആർഎഫിന്റെ ആർജിതശേഷി എന്നിവയുമായി ആപ്പിനെ ബന്ധപ്പെടുത്തും. സ്മാർട്ട് ഗാർബേജ് ആപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർക്കുള്ള പരിശീലനം വരും ദിവസങ്ങളിൽ നടക്കും.
കണക്ക് ആപ്പിൽ 
രേഖപ്പെടുത്തും
ശേഖരിച്ച മാലിന്യം, സംസ്‌കരിക്കുകയും നിമാർജനം ചെയ്യുകയും ചെയ്തത് എന്നിവയുടെ വിവരങ്ങൾ ഓരോ ദിവസവും ആപ്പിൽ രേഖപ്പെടുത്തും. ഇതിലൂടെ ഓരോ പഞ്ചായത്തുകളിൽനിന്നും ശേഖരിച്ച മാലിന്യത്തിന്റെ കണക്ക് ജില്ലാ അധികൃതർക്ക് അറിയാനാകും.  മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നതോടൊപ്പം ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ആപ് ഗുണംചെയ്യും. മാലിന്യം നൽകാത്ത വീടുകളെ തിരിച്ചറിയാനുമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top