26 April Friday
അഞ്ചാംപനി പ്രതിരോധം

കേന്ദ്ര, സംസ്ഥാന *സംഘങ്ങൾ ജില്ലയിൽ

സ്വന്തം ലേഖകൻUpdated: Monday Nov 28, 2022

മലപ്പുറം

ജില്ലയിൽ അഞ്ചാംപനി വ്യാപിച്ചതിനെത്തുടർന്ന്‌ സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കേന്ദ്ര, സംസ്ഥാന സംഘം സന്ദർശനം തുടങ്ങി. കൂടുതൽ രോഗികളുള്ള കൽപ്പകഞ്ചേരി, പൂക്കോട്ടൂർ, മലപ്പുറം പ്രദേശങ്ങളിൽ ഞായറാഴ്‌ച സന്ദർശിച്ചു. ആരോഗ്യവകുപ്പ്‌ അധികൃതർ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ചനടത്തി. കലക്ടറുമായും കൂടിക്കാഴ്‌ച നടത്തി. ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതരിൽനിന്ന്‌ പ്രതിരോധ പ്രവർത്തനങ്ങൾ മനസിലാക്കി.
ദേശീയ രോഗനിയന്ത്രണ കേന്ദ്രം ജോയിന്റ്‌ ഡയറക്ടർ ഡോ. സൗരഭ്‌ ഗോൽ, ഡൽഹിയിലെ ലേഡി ഹാർഡിൻ മെഡിക്കൽ കോളേജ്‌ മൈക്രോ ബയോളജിസ്‌റ്റ്‌ ഡോ. വി എസ്‌ രാധവ, പുതുച്ചേരിയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ച്‌ പീഡിയാട്രിക്‌സ്‌ പ്രൊഫ. ഡോ. ഡി ഗുണശേഖരൻ എന്നിവരാണ്‌ കേന്ദ്ര സംഘത്തിലുള്ളത്‌. ആരോഗ്യ വകുപ്പ്‌ അഡീഷണൽ ഡയറക്ടർ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. സന്ദീപ്‌ എന്നിവരാണ്‌ സംസ്ഥാന സംഘത്തിലുള്ളത്‌. 
 അടുത്തദിവസം കേന്ദ്രസംഘം തിരുവനന്തപുരത്ത്‌ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയെ കാണും. മുഴുവൻ കുട്ടികൾക്കും ഡിസംബർ അഞ്ചിനകം മീസിൽസ്‌ റൂബെല്ല വാക്‌സിൻ നൽകാൻ നടപടി പുരോഗമിക്കുകയാണ്‌. ജനപ്രതിനിധികളുടെയും മറ്റും സഹായത്തോടെ കുട്ടികളെ കുത്തിവയ്‌പ്പിന്‌ എത്തിക്കും. രോഗംപടരുന്നത്‌ തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും നടക്കുന്നുണ്ട്‌. വാക്‌സിനേഷനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന്‌ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്‌ടർ വ്യക്തമാക്കിയിരുന്നു. 162 പേർക്കാണ്‌ നിലവിൽ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ ആറുപേരൊഴികെ എല്ലാവരും വാക്‌സിൻ എടുക്കാത്തവരാണ്‌. ജില്ലയിൽ 97,356 കുട്ടികൾ ഒന്നാം ഡോസ്‌ വാക്‌സിൻ എടുക്കാനുണ്ടെന്നാണ്‌ കണക്ക്‌. 1,16,994 കുട്ടികൾ രണ്ടാം ഡോസ്‌ എടുക്കാനുണ്ട്‌. കൽപ്പകഞ്ചേരിയിൽമാത്രം 776 പേർ വാക്‌സിനെടുക്കാനുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top