09 May Thursday
പ്ലസ്‌ വൺ പ്രവേശനം

എല്ലാവർക്കും സീറ്റ്‌ കിട്ടും

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021

മലപ്പുറം
ജില്ലയിലെ പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിക്ക്‌ പരിഹാരമാകുന്നു. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ്‌ മുഴുവൻ കുട്ടികൾക്കും  ഉപരി പഠനത്തിനുള്ള അവസരമൊരുക്കുന്നത്‌.
എ പ്ലസുകാർക്കെല്ലാം പ്ലസ്‌ വണിന്‌ ഇഷ്ടവിഷയം കിട്ടും. നിലവിൽ സീറ്റ്‌ ലഭിക്കാത്തവർക്ക്‌ സീറ്റ്‌ ഉറപ്പാക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌ നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്‌. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
സംസ്ഥാനത്ത്‌ ഏറ്റവും അധികം വിദ്യാർഥികൾ പ്ലസ്‌ വണിന്‌ അപേക്ഷിച്ചത്‌ മലപ്പുറത്താണ്‌. 77,837 പേർ. രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ 27,121 കുട്ടികൾക്ക്‌‌ സീറ്റ്‌ ലഭിക്കാനുണ്ട്‌‌.  ഇതിൽ 604 എ പ്ലസുകാരുമുണ്ട്‌‌. നേരത്തെ തന്നെ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ്‌ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
അതിലും കുറവ്‌ വന്നാൽ 10 ശതമാനംകൂടി സീറ്റ്‌ വർധിപ്പിച്ച്‌ പ്രതിസന്ധി പരിഹരിക്കും. എ പ്ലസുകാർക്ക്‌ സയൻസ്‌ ഗ്രൂപ്പ്‌ വേണ്ടിവന്നാൽ താൽക്കാലിക അധിക ബാച്ചുകളും അനുവദിക്കും. മറ്റു ജീല്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളും മലപ്പുറത്തിന്‌ ലഭിക്കും. എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടാൽ മാനേജ്‌മെന്റ്‌ സീറ്റിലും മെറിറ്റ്‌ സീറ്റിലും വർധന അനുവദിക്കും. സപ്ലിമെന്ററി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചശേഷമാകും നടപടി.
മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ 28ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാനും അവസരമുണ്ട്‌.
സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചശേഷം കോഴ്‌സ്‌ അടിസ്ഥാനത്തിൽ എത്രപേർക്ക്‌ സീറ്റ്‌ ലഭിക്കണമെന്ന്‌ കണക്കാക്കി സീറ്റ്‌ ഉയർത്തും. ഇതോടെ എല്ലാവർക്കും സീറ്റ്‌ ലഭിക്കും. ഏതാനും ദിവസത്തിനുള്ളിൽ പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിക്ക്‌ പൂർണപരിഹാരമാകും. അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ്‌ വൺ സീറ്റ്‌ ഉറപ്പാക്കുമെന്ന്‌ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്‌മാനും നേരത്തെ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top