27 April Saturday

മുക്കുപണ്ടം പണയംവച്ച കേസിൽ 
മൂന്നുപേർകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
കൊണ്ടോട്ടി 
മലപ്പുറം ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ അന്തർ സംസ്ഥാന തട്ടിപ്പുസംഘത്തിലെ മൂന്നുപേർകൂടി അറസ്റ്റിൽ. കൂരിയാട് സ്വദേശി ലാലു (ശാന്തി ലാൽ–- 36), കുറ്റിപ്പുറം സ്വദേശി പുളിക്കപറമ്പിൽ ജാഫർ സാദ്ദിഖ് (36), തൃശൂർ നെടുകാടി മണികണ്ഠൻ (54) എന്നിവരാണ്‌ പിടിയിലായത്‌. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഫൈസൽ, പാലശേരി ഷംശുദ്ദീൻ, കൂട്ടിലങ്ങാടി മുനീർ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. 
രണ്ടുദിവസം മുമ്പ്‌ കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 2.20 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിലാണ്‌ പ്രതികൾ പിടിയിലായത്. പണയംവയ്‌ക്കാൻ കൊണ്ടുവന്ന 10 പവൻ തൂക്കംവരുന്ന മുക്കുപണ്ടം ഇവരിൽനിന്ന്‌ കണ്ടെടുത്തു. നേരത്തെ പിടിയിലായ മുനീർ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20–-ഓളം മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ പ്രതിയാണ്‌. മൂന്നുമാസം മുമ്പ്‌ ഇയാളുൾപ്പെട്ട സംഘത്തെ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് മലപ്പുറം പൊലീസ്‌ പിടികൂടിയിരുന്നു. 
ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് കൊണ്ടോട്ടിയിൽ മറ്റൊരു സംഘവുമായി തട്ടിപ്പിനെത്തിയത്. പിടിയിലായ ഫൈസലിനെതിരെ കാടാമ്പുഴ സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്. തൃശൂർ സ്വദേശിയായ മണികണ്ഠനാണ് ഇയാൾക്ക് പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത മുക്കുപണ്ടങ്ങൾ നിർമിച്ചുനൽകുന്നത്. സ്കാനറിൽ വച്ചാലോ ഉരച്ചുനോക്കിയാലോ തിരിച്ചറിയാത്ത മുക്കുപണ്ടം നിർമിക്കാൻ വിദഗ്ധനാണ് മണികണ്‌ഠൻ. ഇയാളുടെ പേരിൽ വിവിധ ജില്ലകളിലായി 40–-ഓളം കേസുകളുണ്ട്‌. മുക്കുപണ്ടം നിർമിക്കാൻ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ തൃശൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. 
റിമാൻഡ്‌ ചെയ്ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. എഎസ്‌പി ഷാഹുൽ ഹമീദ്, കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘത്തിലെ സഞ്‌ജീവൻ, രതീഷ്, സബീഷ് തേറാണി, സുബ്രഹ്മണ്യൻ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ്  പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top