26 April Friday

പുതിയ രോഗികളില്ല തിങ്കളാഴ്‌ച നല്ല ദിവസം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

 

മലപ്പുറം
തിങ്കളാഴ്‌ച ജില്ലക്ക്‌ ആശ്വാസത്തിന്റെ ദിനം. ആർക്കും കോവിഡ്‌ സ്ഥിരീകരിച്ചില്ല. ഒരാൾ രോഗമുക്തനായി. 15ന് രോഗം കണ്ടെത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശിയായ 42കാരനാണ് ഭേദമായത്‌. ഏഴിന് ദുബായിൽനിന്ന്‌ പ്രത്യേക വിമാനത്തിലാണ് ഇയാളെത്തിയത്.  12ന്  മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായ ഇദ്ദേഹത്തെ തുടർ നിരീക്ഷണത്തിനായി സ്റ്റെപ് ഡൗൺ ഐസിയുവിലേക്ക് മാറ്റി. 
 ഞായറാഴ്‌ച ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 17ന് അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശിനി 70കാരി, ഇവരുടെ പേരമകൾ അഞ്ചുവയസ്സുകാരി, മുംബൈയിൽനിന്ന് 16ന് വീട്ടിലെത്തിയ തെന്നല കുറ്റിപ്പാല സ്വദേശി 37കാരൻ, മുംബൈയിൽനിന്ന് 14ന് വീട്ടിലെത്തിയ തൃപ്രങ്ങോട് പൊയിലിശേരി സ്വദേശി 68കാരൻ 20ന് ദുബായിൽനിന്ന് കൊച്ചിവഴിയെത്തിയ തിരുന്നാവായ വൈരങ്കോട് സ്വദേശി 60കാരൻ എന്നിവർക്കാണ് രോഗബാധ. ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
49 പേർ ചികിത്സയിൽ
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലക്കാരായ 49 പേർ ചികിത്സയിലുണ്ട്‌. 46 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്‌. ആലപ്പുഴ സ്വദേശിനിയും  പാലക്കാട് സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  കെ സക്കീന അറിയിച്ചു. 
  ജില്ലയില്‍ ഇതുവരെ 72 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. നാല് മാസം പ്രായമായ കുട്ടി  രോഗബാധിതയായിരിക്കെ മരിച്ചു. 24 പേര്‍ക്ക് ചികിത്സയ്‌ക്കുശേഷം രോഗം ഭേദമായി. തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ രോഗം ഭേദമായശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുന്നു. 
1041 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കലക്‌ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി  അറിയിച്ചു. 12,053 പേർ ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്‌.
രണ്ട് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും
ചികിത്സക്കുശേഷം കോവിഡ് 19 ഭേദമായ രണ്ടുപേര്‍ ചൊവ്വാഴ്‌ച വീടുകളിലേക്ക് മടങ്ങും. 25ന്‌ രോഗവിമുക്തനായ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42കാരന്‍, 24ന് രോഗം ഭേദമായ മാറഞ്ചേരി പുറങ്ങ് സ്വദേശി 50കാരന്‍ എന്നിവരാണ് ആശുപത്രിവിടുക. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top