26 April Friday

"പ്രദർശിപ്പിച്ച്‌ ' പ്രതിഷേധം

സ്വന്തം ലേഖകർUpdated: Thursday Jan 26, 2023

എസ്എഫ്ഐ നേതൃത്വത്തിൽ മലപ്പുറം ഗവ. കോളേജിൽ "ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു

ഗുജറാത്ത്‌ വംശഹത്യയിലെ മോദിയുടെ പങ്കുതെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനം തുടരുന്നു

മലപ്പുറം
കേന്ദ്രസർക്കാർ വിലക്കും സംഘപരിവാര ഭീഷണിയുമുണ്ടായിട്ടും മോദിയുടെ കറുത്ത മുഖം വെളിച്ചത്തുകൊണ്ടുവന്ന ഡോക്യുമെന്ററി രണ്ടാം ദിവസവും പ്രദർശിപ്പിച്ച്‌ നാടിന്റെ പ്രതിഷേധം. വെല്ലുവിളികളെ നേരിട്ട്‌ കലാലയങ്ങളിൽ എസ്‌എഫ്‌ഐയും നാട്ടിൻപുറങ്ങളിൽ ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി ജനങ്ങൾക്കുമുന്നിൽ കാണിച്ചു. ഗുജറാത്ത്‌ വംശഹത്യയിൽ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കുതെളിയിക്കുന്ന ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ്‌ നാടെങ്ങും പ്രദർശനം തുടരുന്നത്‌. 
മലപ്പുറം ഗവ. കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ്‌ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്‌. ഡിവൈഎഫ്‌ഐ എടപ്പാള്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ എടപ്പാളിൽ പ്രദര്‍ശിപ്പിച്ചു. രാത്രി ഒമ്പതോടെ എടപ്പാള്‍ ചുങ്കത്ത് മേല്‍പ്പാലത്തിനടിയിലായിരുന്നു പ്രദര്‍ശനം. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ആര്‍എസ്എസ്, ബിജെപി പ്രവർത്തകർ തടയുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ്‌ ചെയ്‌തെങ്കിലും പ്രതിഷേധം ഉണ്ടായില്ല.
ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത് പ്രദർശിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി പി സുമിത്ത്, ശിവാനന്ദൻ, കെ സൈനുൽ ആബിദ്, കെ നൗഫൽ, എ അഭിജിത് എന്നിവർ നേതൃത്വം നൽകി. ഡിവെെഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ വളാഞ്ചേരി, കാടാമ്പുഴ എന്നിവിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വളാഞ്ചേരിയിൽ ഡിവെെഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ, പ്രസിഡന്റ് എം അഖിൽ, എസ്എഫ്ഐ ഏരിയാ സെക്രട്ടറി എം സുജിൻ എന്നിവരും കാടാമ്പുഴയിൽ പി കെ ശ്യാംലാൽ, കെ പി അശ്വിൻ, ശ്രീജിത്ത് എന്നിവരും നേതൃത്വം നൽകി.
അടുത്ത ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top