27 April Saturday

ആഴക്കടലിലും വലയെറിയും

ഒ വി സുരേഷ്‌Updated: Friday Sep 23, 2022

മലപ്പുറം
‘‘ജനിച്ചതും വളർന്നതും കടപ്പുറത്തും ജീവിതം കടലിലും ആണെങ്കിലും ആഴക്കടലിൽ പോയി മീൻ പിടിച്ചിട്ടില്ല. അതിന്‌ അവസരം വരുമ്പോൾ പെരുത്ത്‌ സന്തോഷം’’–- താനൂർ കോർമാൻ കടപ്പുറത്തെ മുജീബ്‌  ത്രില്ലിലാണ്‌. മുജീബ്‌ മാത്രമല്ല, താനൂർ തീരമാകെ കാത്തിരിക്കുകയാണ്‌ ആ അവസരത്തിനായി. ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനവും ബോട്ടും നൽകുന്ന സർക്കാരിന്റെ പദ്ധതി യാഥാർഥ്യമാവുകയാണ്‌.


ജില്ലയിൽ 3 യൂണിറ്റ്‌
10 പേരുൾക്കൊള്ളുന്ന മൂന്നു യൂണിറ്റുകളാണ്‌ ജില്ലയിൽ ആദ്യഘട്ടത്തിൽ മുന്നോട്ടുവന്നത്‌. താനൂർ ടൗൺ ഫിഷർമെൻ സഹകരണസംഘം, തേവർകാട്‌–- ചീരാൻ ഫിഷർമെൻ സഹകരണ സംഘം എന്നിവയിലെ അംഗങ്ങളായവരുടേതാണ്‌ യൂണിറ്റുകൾ. ഇവർക്ക്‌ 50 നോട്ടിക്കൽ മൈലിന്‌ അപ്പുറം പോയി മഞ്ഞച്ചൂര, കണവ തുടങ്ങിയവ പിടിക്കാൻ ചൂണ്ടയും ഗിൽനെറ്റും ഉപയോഗിച്ചുള്ള മീൻപിടിത്തത്തിൽ വിദഗ്ധ പരിശീലനം നൽകും. ഓരോ ഗ്രൂപ്പിനും ഒന്നര കോടി രൂപയുടെ ആധുനിക സൗകര്യമുള്ള  ബോട്ട്‌ നൽകും. ദിവസങ്ങളോളം താമസിച്ച് മീൻപിടിക്കാനും അവ സൂക്ഷിക്കാനുള്ള ഐസ് യൂണിറ്റുകളും ഇതിലുണ്ടാകും. ഒരു കോടി സർക്കാർ സബ്സിഡിയും അഞ്ചു ശതമാനം പലിശയിൽ ബാക്കി 45 ലക്ഷം ബാങ്ക് വായ്‌പയുമാണ്‌. അഞ്ചുലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്.


മത്സ്യത്തൊഴിലാളികൾ ഉഡുപ്പിയിൽ
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ 18 മത്സ്യത്തൊഴിലാളികളുടെ ആദ്യസംഘം വെള്ളിയാഴ്‌ച ഉഡുപ്പി മൽപെ ബീച്ചിലേക്ക്‌ പോകും. അവിടുത്തെ കപ്പൽ സന്ദർശിച്ച്‌ പ്രവർത്തനം പഠിക്കുകയാണ്‌ ലക്ഷ്യം. കോർമാൻ കടപ്പുറത്തെ മുജീബ്‌, ഹബീബ്‌, അബ്ദുള്ളക്കോയ, ചീരാൻ കടപ്പുറത്തെ ബഷീർ, മുനീർ, സലാം എന്നിവരാണ്‌ മലപ്പുറത്തുനിന്ന്‌ പോകുന്നത്‌. തുടർന്ന്‌ യൂണിറ്റിൽ ഉൾപ്പെട്ടവർക്ക്‌ 26 മുതൽ 28 വരെ എറണാകുളത്തെ നിഫാമിൽ (നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌) പരിശീലനം നൽകും.

വേനൽകാലത്തും സമൃദ്ധി
തീരക്കടലിൽ മത്സ്യം കുറഞ്ഞുവരുന്നതിനാൽ വേനൽകാലത്ത്‌ തൊഴിലാളികൾക്ക്‌ ദുരിതമാണ്‌. അതിനാലാണ്‌ കൂടുതൽ മത്സ്യസമ്പത്തുള്ള ആഴക്കടലിൽ മീൻപിടിത്തം പ്രോത്സാഹിപ്പിക്കാൻ 150 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പരിമിതമായ ബോട്ടുകളേ ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്നുള്ളൂ. കൂടുതലും തമിഴ്നാട്ടിൽനിന്നുള്ളവരാണ്‌.  30 നോട്ടിക്കൽ മൈൽവരെയാണ് കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ പോകുന്നത്‌. കേരളത്തിലുള്ളവർക്കും പരിശീലനം നൽകി ഇതിന്‌ പ്രാപ്‌തമാക്കുകയാണ്‌ സർക്കാർ. മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത സഹകരണ സംഘങ്ങൾവഴിയാണ്‌  നടപ്പാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top