05 May Sunday

ഇരുൾവഴിയിൽ കൈപിടിച്ച്‌

സി ശ്രീകാന്ത്‌Updated: Sunday Oct 22, 2023

കോൽക്കളം സർവീസ് സഹകരണ ബാങ്കിന്റെ "സ്നേഹ സാന്ത്വനം പദ്ധതി' അംഗത്വം മുൻ മന്ത്രി കെ കെ ശൈലജയിൽനിന്ന് കുടുംബം ഏറ്റുവാങ്ങുന്നു

മലപ്പുറം
അകാലത്തിൽ തളർന്നുപോയ പൊന്മളയിലെ മജീദിന് കോൽക്കളം സർവീസ് സഹകരണ ബാങ്ക് ഓരോ മാസവും  നൽകുന്ന ചികിത്സാസഹായം ജീവിത പ്രതീക്ഷയാണ്. വൃക്ക രോഗത്തിനുള്ള  ഡയാലിസിസ് ജീവിതതാളം തെറ്റിച്ചു. വരുമാനം നിലച്ചപ്പോൾ വീട്ടിൽ  മുടങ്ങാതെ എത്തുന്ന സഹായം ഭാര്യ സാജിതയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വലിയ ആശ്വാസമാണ്‌. 
വൃക്കരോ​ഗിയായ കറമണ്ണിൽ ഹമീദിന്റെ കുടുംബത്തിനും ബാങ്കിന്റെ മരുന്നും ചികിത്സാ സഹായവും കരുതലാണ്‌. പൂവാട്ടെ റിട്ട. ഉദ്യോ​ഗസ്ഥനും പറയുന്നത്‌ ബാങ്കിന്റെ സഹായത്തെക്കുറിച്ചാണ്‌.  ഇങ്ങനെ പൊന്മള പഞ്ചായത്തിലെ ഡയാലിസിസ് ചെയ്യുന്നവർക്കെല്ലാം  തണലൊരുക്കി കാരുണ്യ പ്രവർത്തനം തുടരുകയാണ് ബാങ്ക്‌.
ഒരുവർഷംമുമ്പ് തുടങ്ങിയ സ്നേഹ സാന്ത്വനം പദ്ധതിയിലൂടെ മാസം 22 പേർക്കാണ്‌ മരുന്നും ചികിത്സയും എത്തിക്കുന്നത്. ബാങ്കിന്റെ ലാഭത്തിൽനിന്നുള്ള പൊതുനന്മ ഫണ്ടിൽനിന്നാണ് തുക കണ്ടെത്തുന്നത്‌. നിർധനർക്കുള്ള സാന്ത്വനം ചികിത്സാ പദ്ധതിയും ഏറെപ്പേർക്ക് ആശ്വാസമാണ്. പെരിന്തൽണ്ണ  ഇ എം എസ് സഹകരണ ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്കുള്ള ചെലവാണ്  നൽകുന്നത്. കൂടാതെ അർബുദബാധിതർക്കും ഹൃദയ സംബന്ധമായ രോഗമുള്ളവർക്കുമുള്ള സഹായം, ബാങ്ക് മുൻ പ്രസിഡന്റ് കെ ഉമ്മറി​ന്റെ പേരിലുള്ള സൗജന്യ ആംബുലൻസ് സർവീസ്  എന്നിവയുമുണ്ട്‌. പൊന്മള ഫാമിലി ഹെൽത്ത് സെന്ററിൽ എത്തുന്നവർക്ക്‌ മരുന്നിനുള്ള പേപ്പർ കവറുകളും സൗജന്യമായി ബാങ്ക് നൽകുന്നുണ്ട്.  
ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളിൽ ഒന്നായ കോൽക്കളത്തിന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകയാണ്. പൊതുനന്മ ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ ചെലവഴിച്ച് നിർധനരായ രണ്ട് വിധവകൾക്ക് വീടും നിർമിച്ച് നൽകി. സാന്ത്വനം  ഭവനപദ്ധതിയിലൂടെ പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ചെറിയ പലിശയിൽ ഭവന വായ്‌പയും നൽകുന്നു. 17 ലക്ഷം ചെലവഴിച്ച് ആക്കപറമ്പ് നിരപ്പ് കോളനിയിലും അമ്പലവട്ടം ഏറക്കുന്നത്ത് കോളനിയിലും ചെറുകിട കുടിവെള്ള പദ്ധതികൾ ഒരുക്കി. രണ്ടിടങ്ങളിലും നൂറിലധികം കുടുംബങ്ങളുടെ ഏറെക്കാലത്തെ പ്രശ്നം പരിഹരിച്ചു. പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും വർഷങ്ങളായി തുടരുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top