26 April Friday

പെരുമ്പടപ്പിന്റെ നവമാതൃക

സ്വന്തം ലേഖകൻUpdated: Sunday May 22, 2022

വലിയകുളം നവീകരണം

പൊന്നാനി 
നാടും നഗരവും പച്ചവിരിക്കാൻ പെരുമ്പടപ്പ്‌ പഞ്ചായത്ത്‌.  ജൈവ വൈവിധ്യ സംരക്ഷണത്തിനായി പഞ്ചായത്ത് നടപ്പാക്കുന്നത് വിവിധ പദ്ധതി. ജൈവ വൈവിധ്യ നഴ്സറി, ജൈവ വൈവിധ്യ പാർക്ക്,  കടൽത്തീരത്ത് പുഴമുല്ല വച്ചുപിടിപ്പിക്കൽ, ജന്തുജാലങ്ങളുടെ സംരക്ഷണം, സാമൂഹിക വനവൽക്കരണം, കനോലി കനാൽ സംരക്ഷണം, കനോലി തീരത്ത് മുള തൈകൾ പിടിപ്പിക്കൽ, നാടൻ ജൈവ വേലികൾ, വലിയ കുളത്തിന്റെയും  ആനറ കുളത്തിന്റെയും  നവീകരണം,  കണ്ടൽക്കാട് സംരക്ഷണം തുടങ്ങിയവയാണ്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ.   പ്രകൃതിസംരക്ഷണത്തിനും ജൈവ വൈവിധ്യത്തിനും പ്രത്യേക പദ്ധതികളാണ്  പഞ്ചായത്ത് നടപ്പാക്കുന്നതെന്നും ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യ മാനേജ്മെന്റ്‌  പുനഃസംഘടിപ്പിച്ച് മികച്ചരീതിയിൽ മുന്നോട്ടുപോകുകയാണെന്നും പ്രസിഡന്റ്‌ ബിനിഷ മുസ്തഫ പറഞ്ഞു. 
 
നാടൻ ജൈവ വേലികൾ
അതിരുകളില്ലാത്ത വീടുകൾ ഏറെയുള്ള നാടാണ് പെരുമ്പടപ്പ്. സിമന്റും കല്ലും ഉപയോഗിച്ചുള്ള മതിൽ കെട്ടുകൾ  വിരളം. പുതിയ കാലത്ത്‌ കോൺക്രീറ്റ്‌ മതിലുകൾ ഉയർന്നതോടെയാണ് നാടൻ ജൈവ വേലികൾക്കായി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. തീരപ്രദേശത്തെ പ്രത്യേകതരം റബർച്ചെടികളാണ് ഇതിനായി തെരഞ്ഞെടുത്തത്. 2000 മീറ്റർ നീളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ്‌ ജൈവ വേലി നിർമിക്കുന്നത്‌. 
 
ജൈവ വൈവിധ്യ പാർക്ക്
ചിറവല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കോൾ നിലങ്ങളോട് ചേർന്ന 40 സെന്റിലാണ്‌ ജൈവ വൈവിധ്യ പാർക്ക് നിർമിച്ചത്‌. 
 
ജൈവ വൈവിധ്യ നഴ്സറി
അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ ചെടികളെ പുനരുൽപ്പാദിപ്പിക്കുകയാണ് ജൈവ വൈവിധ്യ നഴ്‌സറിയുടെ ലക്ഷ്യം. തീരസംരക്ഷണത്തിനായി പുഴമുല്ല, ചെത്തി,  മന്താരം, തുളസി,  പിച്ചകം തുടങ്ങിയവയും  ഉൽപ്പാദിപ്പിക്കുന്നു.
 
വലിയ കുളത്തിന്റെയും  ആനറ കുളത്തിന്റെയും നവീകരണം 
മാലിന്യംനിറഞ്ഞ് മൂടിക്കിടന്ന വലിയ കുളത്തെ നാടിന്റെ ഹൃദയമിടിപ്പാക്കി മാറ്റുകയാണ് പെരുമ്പടപ്പ് പഞ്ചായത്ത്. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 31 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് വലിയ കുളത്തെ  നവീകരിക്കുന്നത്. നീന്തിക്കുളിക്കുന്നതോടൊപ്പം പരിശീലന കേന്ദ്രമാക്കിയും വലിയ കുളത്തെ മാറ്റുകയാണ് ലക്ഷ്യം.  
  75 ലക്ഷം രൂപ ചെലവിലാണ്‌ ആനറ കുളത്തെ നവീകരിക്കുന്നത്‌. അഞ്ച് മീറ്റർ ആഴം കൂട്ടും. ചുറ്റും ഭിത്തികെട്ടി കൽപ്പടവുകൾ ഒരുക്കും. റോഡിൽനിന്ന് നേരിട്ട് കുളത്തിലേക്ക് കൽപ്പടവുകൾ നിർമിക്കും.  കാർഷിക മേഖലക്ക് ഇത്‌ ഏറെ ഗുണകരമാകും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top