27 April Saturday

മൈലാടിക്ക്‌ കൈത്താങ്ങായി 
കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
സ്വന്തം ലേഖകൻ
മലപ്പുറം
മൈലാടി ആദിവാസി കോളനിയിൽ കുടുംബശ്രീ പ്രത്യേക അയൽക്കൂട്ടം രൂപീകരിക്കും. പ്രാഥമിക നടപടി സ്വീകരിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്‌ നിർദേശം നൽകി. മൈലാടി കോളനിയിലെ മുതുവാൻ ആദിവാസികളുടെ ജീവിതത്തെകുറിച്ച്‌ ദേശാഭിമാനി തയ്യാറാക്കിയ റിപ്പോർട്ടുകളെ തുടർന്നാണ്‌ നടപടി. ആരോഗ്യവകുപ്പും ആവശ്യമായ ഇടപെടൽ നടത്തും. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക്‌ നിർദേശം നൽകുമെന്ന്‌ ഡിഎംഒ ആർ രേണുക  പറഞ്ഞു. 
 ഊർങ്ങാട്ടിരി പഞ്ചായത്തിൽ ചെക്കുന്ന്‌ മലയിലാണ്‌ മൈലാടി കോളനി. നാലര കിലോമീറ്റർ കാട്ടിലൂടെ കുത്തനെ സഞ്ചരിക്കണം ഇവിടെ എത്താൻ. ഈ കോളനിയിൽ 17 കുടുംബങ്ങളിലായി 83 പേരാണുള്ളത്‌. ഇതിൽ ഏഴുപേർ നാലിനും  18നും ഇടയിൽ പ്രായമുള്ളവരാണ്‌. നൂറ്‌ പിന്നിട്ട ചിരുതയാണ്‌ പ്രായംകൂടിയ അംഗം. ഇവർക്ക്‌ ആരോഗ്യ പരിരക്ഷ അത്യാവശ്യമാണ്‌. പലരും വിവിധ രോഗങ്ങൾമൂലം മരിക്കുന്നതായി കോളനിയിലെ അങ്കണവാടി അധ്യാപിക മുത്തുമോൾ പറഞ്ഞു. വിവാഹംകഴിഞ്ഞ്‌ വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെയുള്ളതായി എസ്‌ടി പ്രൊമോട്ടർ രജീഷ്‌ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പഠനം നല്ലതാണ്‌. കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച  നിലമ്പൂർ ഐടിഡിപി കമ്മിറ്റഡ്‌ സോഷ്യൽ വർക്കർ സുബിത പരമേശ്വരൻ ഇവിടത്തെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ നൽകുന്ന ഗോതമ്പ്‌ പൊടിച്ച്‌ നൽകുന്നതും പരിഗണിക്കണം. ഇത്തവണ എസ്‌എസ്‌എൽസി കഴിഞ്ഞ സുനിലിന്‌ പാലേമാട്‌ പ്രീ മെട്രിക്‌ ഹോസ്‌റ്റലിൽ ചേർത്ത്‌ പ്ലസ്‌ വൺ പഠനത്തിനുള്ള നടപടിയും സ്വീകരിച്ചതായി അവർ പറഞ്ഞു. സ്‌ത്രീകളിൽ  വന്ധ്യതയുണ്ടോ എന്നത്‌  സംബന്ധിച്ച്‌ പഠനം നടത്തുമെന്ന്‌ ഐടിഡിപി അസിസ്‌റ്റന്റ്‌ പ്രൊജക്‌ട്‌ ഓഫീസർ ഷമീന പറഞ്ഞു. 
 ഒരുകാലത്ത്‌ ഈ കോളനിയിൽ 63 കുടുംബങ്ങളുണ്ടായിരുന്നതായി ഊരുമൂപ്പൻ ചേന്നൻ പറഞ്ഞു. അതാണിപ്പോൾ 17 ആയി കുറഞ്ഞത്‌. 
  കോളനിയിൽ സർക്കാരിന്റെ സഹായം കൃത്യമായി ലഭിച്ചിട്ടുണ്ട്‌. നല്ല വീടായി. വൈദ്യുതിയും എത്തി. ഭക്ഷ്യധാന്യ കിറ്റ്‌ ഉൾപ്പെടെ ലഭിക്കുന്നു. എങ്കിലും മറ്റ്‌ കോളനിക്ക്‌ സമാനമായി കൃത്യമായ മെഡിക്കൽ സഹായവും ഉപജീവന പദ്ധതികളും ഇവർക്ക്‌ വേണം. 
നേരത്തെ, മൈലാടിയിൽ കുടുംബശ്രീക്ക്‌ സ്‌പെഷ്യൽ അയൽക്കൂട്ടമുണ്ടായിരുന്നു. പിന്നീട്‌ പ്രവർത്തനം നിലച്ചു. ഇവ പുനരുജ്ജീവിപ്പിക്കും. നിലവിൽ ജില്ലയിൽ 294 പട്ടികവർഗ സങ്കേതങ്ങളിലായി 182 പട്ടികവർഗ അയൽക്കൂട്ടങ്ങളുണ്ട്‌. ഇതിൽ 2420 പേർ അംഗങ്ങളാണ്‌. പട്ടികവർഗ സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ സഹായം ഈ കോളനികളിൽ കുടുംബശ്രീ എത്തിക്കുന്നു. അത്‌ മൈലാടിക്കും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top