26 April Friday
ഇ എം എസിന്റെ ഓർമയിൽ നാട്

യുഗപ്രഭാവന്‌ നവകേരളത്തിന്റെ 
സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ഇ എം എസ്‌ സ്‌മാരക ഗവേഷണ ട്രസ്റ്റ്‌ ഏലംകുളത്ത്‌ സംഘടിപ്പിച്ച ഇ എം എസ്‌ അനുസ്‌മരണവും നേതൃത്വ പഠന ക്ലാസും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം/ മലപ്പുറം 
യുഗാചാര്യൻ ഇ എം എസിന്റെ 25–-ാം ചരമവാർഷികം ഞായറാഴ്‌ച രാജ്യമാകെ ആചരിച്ചു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവുകൂടിയായ ഇ എം എസിന്റെ വേർപാടിന്റെ കാൽനുറ്റാണ്ട്‌ സംസ്ഥാനത്ത്‌ എങ്ങും വിപുലമായ പരിപാടികളോടെയാണ്‌ ആചരിച്ചത്‌. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഓർമ പുതുക്കി. 
നിയമസഭയ്‌ക്ക്‌ മുന്നിലെ ഇ എം എസ്‌ പ്രതിമയിൽ നേതാക്കൾ പുഷ്‌പചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി,  തോമസ്‌ ഐസക്‌, എ കെ ബാലൻ, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പുത്തലത്ത്‌ ദിനേശൻ, എം സ്വരാജ്‌,  കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മന്ത്രി വി ശിവൻകുട്ടി,  പി ശശി, എ എ റഹിം എംപി തുടങ്ങിയവർ പുഷ്‌പചക്രം അർപ്പിച്ചു. ഇഎംഎസിന്റെ മകൾ ഇ എം രാധയും കുടുംബാംഗങ്ങളും പങ്കെടുത്തു. അനുസ്‌മരണ യോഗത്തിൽ വി ജോയി അധ്യക്ഷനായി. എം വി ഗോവിന്ദൻ അനുസ്‌മരണ പ്രഭാഷണം നടത്തി.  
   ഇ എം എസ്‌ അക്കാദമിയിൽ അനുസ്‌മരണ സമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. വി ജോയി അധ്യക്ഷനായി. ആനാവൂർ നാഗപ്പൻ, പുത്തലത്ത്‌ ദിനേശൻ, കെ കെ ജയചന്ദ്രൻ, എം വിജയകുമാർ, സി ജയൻബാബു, പുത്തൻകട വിജയൻ, കെ എസ്‌ സുനിൽകുമാർ, എംഎൽഎമാരായ ഐ ബി സതീഷ്‌, ജി സ്‌റ്റീഫൻ എന്നിവർ സംസാരിച്ചു.  എ കെ ജി സെന്ററിലും ഇ എം എസ്‌ അക്കാദമിയിലും  എം വി ഗോവിന്ദൻ പതാക ഉയർത്തി. 
  മലപ്പുറം ജില്ലയിലും ഇ എം എസ്‌ ദിനം സമുചിതമായി ആചരിച്ചു.   ജന്മനാടായ ഏലംകുളത്ത്‌ ഇ എം എസ്‌ സ്‌മാരക ഗവേഷണ ട്രസ്റ്റ്‌  അനുസ്‌മരണ സമ്മേളനവും നേതൃത്വ പഠനക്ലാസും സംഘടിപ്പിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അധ്യക്ഷനായി. 
  ‘സാർവദേശീയ രാഷ്‌ട്രീയം: ഒരു ഇടതുപക്ഷ വിശകലനം’ വിഷയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരനും ‘ഹിന്ദുത്വ–- പ്രയോഗവും പ്രത്യയശാസ്‌ത്രവും’ വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്രയും ക്ലാസെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി രമേശൻ സ്വാഗതം പറഞ്ഞു.  
 ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസും ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ അബ്ദുറഹ്‌മാൻ കൂരിയും  പതാക ഉയർത്തി. എടപ്പാൾ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച  ഇ എം എസ് -–- എ കെ ജി അനുസ്മരണ സദസ്സ്‌ എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു.  22ന്‌ എ കെ ജി ദിനാചരണംവരെ ഇരു നേതാക്കളെയും അനുസ്‌മരിച്ച്‌ സംസ്ഥാനത്ത്‌ വിവിധ പരിപാടികൾ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top