26 April Friday

വൈദ്യപഠനം വീട്ടുകാര്യം; ഡോക്ടറാവാൻ നിബ ഫാത്തിമയും

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 

വേങ്ങര 
നീറ്റിൽ റാങ്ക് ലഭിച്ചതോടെ പറപ്പൂർ തെക്കേക്കുളമ്പ് തൂമ്പത്ത് എടപ്പനാട്ട് കുടുംബത്തിലേക്ക്‌ ഡോക്ടറാകാൻ അഞ്ചാമതൊരാൾകൂടി. അബ്ദുള്ളയുടേയും റംലയുടേയും മകളായ നിബ ഫാത്തിമയാണ് നാലു സഹോദരിമാർക്കു പിന്നാലെ ഡോക്ടർ പഠനത്തിനൊരുങ്ങുന്നത്. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 3764ാം റാങ്ക് നേടിയാണ്‌ നിബ കുടുംബത്തിന് അപൂർവ നേട്ടം സമ്മാനിച്ചത്‌. ഇതോടെ സന്തോഷത്തിലാണ്‌ മാതാപിതാക്കളും. 
നിബയുടെ മൂത്ത സഹോദരി ഡോ. ഫാത്തിമ തഹ്സിൻ പട്ടാമ്പിയിൽ ഡോക്ടറാണ്. കവിതാ രചനയിലും ഒരു കൈ നോക്കുന്ന രണ്ടാമത്തെ​ സഹോദരി ഫാത്തിമ തസ്​ലീമ കോഴിക്കോട്ട്​ എംബിബിഎസ് പൂർത്തിയാക്കി. ഇപ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിനിൽ എംഡി ചെയ്യുന്നു. തൊട്ടു ഇളയവളായ ഫാത്തിമ തസ്​രീഫ മുക്കം കെഎംസിടിയിൽ എംബിബിഎസ്‌ വിദ്യാർഥിനിയാണ്‌. നിബയുടെ ഇരട്ട സഹോദരി നിഹ്മ ഫാത്തിമ തൃശൂർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷം പഠിക്കുന്നു.
കുടുംബത്തിലേക്കെത്തിയ മരുമക്കളും ഡോക്ടർമാരാണ്‌. ഫാത്തിമ തഹ്സിന്റെ  ഭർത്താവ് ഖലീൽ മാജിദ് പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  മെഡിക്കൽ ഓഫീസറാണ്. ഫാത്തിമ തസ്ലീമയുടെ ഭർത്താവ്  ഡോ. നിയാസ് അഹമ്മദ് തൃശൂർ എരുമപ്പട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. കേരള മെഡിക്കൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന നിബ ഫാത്തിമക്ക്​ കോഴിക്കോ​ട്ടോ തൃശൂരിലോ  പഠനം നടത്താനാണാഗ്രഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top