26 April Friday
സ്വർണക്കടത്തിന്‌ ഒത്താശ

കസ്‌റ്റംസിനെ പിടിക്കാൻ സിബിഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
 
സ്വന്തം ലേഖകൻ
മലപ്പുറം 
കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ സ്വർണക്കടത്തിന്‌ ഒത്താശചെയ്യുന്നതായി കണ്ടെത്തിയതോടെ കരിപ്പൂർ വിമാനത്താവളം  സിബിഐ, ഡിആർഐ സംഘത്തിന്റെ നിരീക്ഷണത്തിൽ. ഡിആർഐയുടെ നിർദേശപ്രകാരം സിബിഐ നിരവധി തവണ റെയ്‌ഡ്‌ നടത്തിയിരുന്നു. കസ്‌റ്റംസ്‌ മുൻ സൂപ്രണ്ട്‌ ഉൾപ്പെടെ 11 ഉദ്യോഗസ്ഥർക്കെതിരെയാണ്‌ കഴിഞ്ഞദിവസം സിബിഐ കൊച്ചി യൂണിറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. ഏതാനും ആഴ്‌ചമുമ്പ്‌ രണ്ട്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ചെയ്‌തിരുന്നു. 
സ്വർണക്കടത്ത്‌ റാക്കറ്റുമായി കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്കുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്‌ വ്യാഴാഴ്‌ച കസ്‌റ്റംസ്‌ സൂപ്രണ്ട്‌ മുനിയപ്പ പൊലീസ്‌ പിടിയിലായ സംഭവം. 
കരിപ്പൂർ എയർപോർട്ട്‌ അഴിമതിക്കാരായ കസ്‌റ്റംസ്‌ ഓഫീസർമാരുടെ ഇഷ്‌ടകേന്ദ്രമാണ്‌. പരിശോധനയിൽ പിടിച്ചെടുക്കുന്ന സ്വർണം പുറത്തുകടത്തി ഡീൽ ഉറപ്പിച്ച്‌ കൈമാറലാണ്‌ പ്രധാന ഓപറേഷൻ. ഇത്തരം തട്ടിപ്പിനിടെയാണ്‌ മുനിയപ്പ പിടിയിലായത്‌. 
2021 ജനുവരി 12, 13 തീയതികളിൽ കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ പരിശോധനയിലാണ്‌ നാല്‌ സൂപ്രണ്ടുമാരടക്കം 14  കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ പിടിയിലായത്. സൂപ്രണ്ടുമാരായ കെ എം ജോസ്‌, ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്‌, എസ്‌ ആശ, ഇൻസ്‌പെക്ടർമാരായ യാസർ അരാഫത്ത്‌, നരേഷ്‌, സുധീർ, സഞ്ജീവ്‌ കുമാർ, രമേന്ദ്ര സിങ്‌, യോഗേഷ്‌, ഹെഡ്‌ ഹവിൽദാർ വി സി മിനിമോൾ, സി അശോകൻ, ഹവിൽദാർ ഫ്രാൻസിസ്‌, സബ്‌ സ്‌റ്റാഫ്‌ മണി എന്നിവരാണിവർ. സർക്കാർ  ഇവർക്കെതിരെ കേസെടുക്കാൻ അനുമതിയും നൽകിയിരുന്നു. 
യാത്രക്കാർ കടത്തിയ സ്വർണം കൈക്കലാക്കിയ പരാതിയിലാണ്‌ ആഗസ്‌ത്‌ നാലിന്‌ സൂപ്രണ്ട്‌ പ്രമോദ്‌ കുമാർ സബിത, ഹവിൽദാർ സനിത്‌ കുമാർ എന്നീ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്ചെയ്‌തത്‌. 
  തുടർച്ചയായി നടപടി സ്വീകരിച്ചിട്ടും കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്‌  കുറഞ്ഞില്ല. തുടർന്ന്‌ പൊലീസ്‌ ശക്തമായ നടപടി ആരംഭിച്ചതോടെ കസ്‌റ്റംസ്‌ വല ‘പൊട്ടിച്ച്‌’ പുറത്തെത്തുന്ന സ്വർണക്കടത്തുകാർ പൊലീസിന്റെ പിടിയിലായിത്തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top