26 April Friday

പൊന്നാനിയിൽ പുതുപ്രവാഹം

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020
 
പൊന്നാനി
പൊന്നാനിയുടെ ചിരകാല സ്വപ്നമായ സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്‌. സബ്സ്റ്റേഷൻ കെട്ടിടത്തിന്റെയും  ട്രാൻസ്‌ഫോര്‍മറിന്റെയും പ്രവൃത്തികളാണ് അവശേഷിക്കുന്നത്. സർക്കാരിന്റെ നൂറ്‌ ദിനം നൂറ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസംബറിൽ  നാടിന് സമർപ്പിക്കും. 
നരിപറമ്പിലെ പമ്പ് ഹൗസിന് സമീപത്തെ രണ്ടര ഏക്കറിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. താലൂക്കിലെ ഒൻപത് പഞ്ചായത്തിലേക്കും പൊന്നാനി നഗരസഭയിലേക്കും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കും. ഒന്നരവർഷം മുമ്പാണ് മന്ത്രി കെ കൃഷ്ണൻകുട്ടി  ഉദ്ഘാടനംചെയ്‌തത്‌. 
 50 ദശലക്ഷം ലിറ്റർ ജലം ദിനംപ്രതി ഭാരതപ്പുഴയിൽനിന്ന് സംഭരിച്ച് ശുദ്ധീകരിച്ച് വിതരണംചെയ്യുകയാണ്‌‌ ലക്ഷ്യം. 74.4 കോടി രൂപ കിഫ്ബിയിലുൾപ്പെടുത്തിയാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്. ഇരുപത്തിയഞ്ച്‌ കൊല്ലം മുന്നിൽകണ്ടുള്ള വിതരണ ശൃംഖല നടപ്പാക്കുന്നതാണ് രണ്ടാംഘട്ടം. 485 കോടി ചെലവ് വരുന്ന പദ്ധതിക്ക് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പൊന്നാനി മണ്ഡലം പൂർണമായും, തവനൂർ മണ്ഡലത്തിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകളിലും ശുദ്ധജലം ലഭിക്കും.
50 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാല, കിണർ, റോ വാട്ടർ പമ്പിങ്, പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോർമർ, പമ്പിങ്‌ ലൈൻ തുടങ്ങിയവ ഒന്നാംഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
വിവിധ മേഖലകളിലേക്കുള്ള ജലസംഭരണികൾ, അതിലേക്കുള്ള പമ്പിങ്, ഗ്രാവിറ്റി സംവിധാനം, മുഴുവൻ പഞ്ചായത്തുകളിലേക്കും നഗരസഭക്കും ആവശ്യമായ വിപുലമായ വിതരണ ശൃംഖല എന്നിവയാണ്‌ രണ്ടാംഘട്ടം. ഇതിനായി 135 കോടി കിഫ്ബിയിൽ അനുവദിച്ചു.
പൊന്നാനി താലൂക്കിൽ നാല് ലക്ഷത്തോളം ജനങ്ങൾക്ക്‌ ആദ്യഘട്ടത്തിൽ കുടിവെള്ളം ലഭിക്കും. രണ്ടാംഘട്ടത്തിൽ 5.8 ലക്ഷം ജനങ്ങൾക്കും. 
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മുഴുവൻ കുടുംബങ്ങളിലേക്കും വാട്ടർ കണക്ഷൻ നൽകുന്നതിനും തുടക്കമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top