02 May Thursday

കടൽക്ഷോഭ ഭീഷണിയിൽ പൊന്നാനി തീരം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

വെളിയങ്കോട് തണ്ണിത്തുറയിൽ കടൽ കരയിലേക്ക് ഇരച്ചുകയറുന്നു

 പൊന്നാനി 

കനത്ത മഴയെ തുടർന്ന്‌  പൊന്നാനി താലൂക്കിലെ തീരപ്രദേശങ്ങൾ കടൽക്ഷോഭ ഭീഷണിയിൽ. വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി, കാപ്പിരിക്കാട്, പൊന്നാനി മുറിഞ്ഞഴി, മരക്കടവ് മേഖലകളാണ്‌ കൂടുതലായും ഭീഷണി നേരിടുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് കടൽകേറിത്തുടങ്ങിയത്. വർഷക്കാലം തുടങ്ങുന്നതിനുമുമ്പേ മേഖലയിൽ ശക്തമായ  കാറ്റുവീശുന്നുണ്ട്‌. 
വെളിയങ്കോട് തണ്ണിത്തുറയിലും പൊന്നാനി മുറിഞ്ഞഴിയിലും കടൽഭിത്തി തകർന്നിരിക്കുകയാണ്‌. ഇവിടെ കടൽ കരയിലേക്ക് ഇരച്ച് കയറുകയാണ്‌.  മുറിഞ്ഞഴിയിൽ 22ഉം കാപ്പിരിക്കാട്‌ തണ്ണിത്തുറ മേഖലകളിൽ 20 വീടുകളും ഭീഷണിയിലാണ്‌. ഹിളർപ്പള്ളിക്കുസമീപമുള്ള കുഞ്ഞിമാക്കാനകത്ത് ഹംസയുടെ വീട് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. വീടിന്റെ തറയിൽ മണ്ണ് ഒലിച്ച് തുടങ്ങിയതോടെ ഹംസയും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറി. ഹിളർപള്ളിയും മദ്രസയും അങ്കണവാടിയും കടലാക്രമണ ഭീഷണിയിലാണ്. ഞായറാഴ്ച രാവിലെയും ശക്തിയാർജിച്ച കടൽ വൈകിട്ടോടെ അൽപ്പം ശമിച്ചെങ്കിലും ഭീഷണി ഒഴിവായിട്ടില്ല. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് പൊലീസ് വാഹനത്തിൽ മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. 
ദുരിതാശ്വാസ 
പ്രവർത്തനങ്ങൾ 
ഊർജിതമാക്കി 
കടൽ ശക്തിയാർജിച്ചതോടെ താലൂക്കിൽ ക്യാമ്പ് ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പൊന്നാനി എംഇഎസ് ഹൈസ്കൂൾ, വെളിയങ്കോട് ഫിഷറീസ് സ്‌കൂൾ, വെളിയങ്കോട് മാപ്പിള സ്‌കൂൾ, പാലപ്പെട്ടി മൾട്ടിപർപ്പസ് സൈക്ലോൺ ഷെൽട്ടർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ദുരിതാശ്വാസ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top