27 April Saturday
ജില്ലയിൽ 2061 കുടുംബങ്ങള്‍ക്ക് പട്ടയം

ഭൂമിയുടെ "അവകാശികൾ'

സ്വന്തം ലേഖകൻUpdated: Wednesday Sep 15, 2021

മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വി അബ്ദുറഹ്മാൻ പട്ടയം വിതരണംചെയ്യുന്നു

മലപ്പുറം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായ പട്ടയമേളയിൽ ജില്ലയിൽ 2061 കുടുംബങ്ങൾ  ഭൂമിയുടെ അവകാശികളായി. "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു പട്ടയമേള.  
   സംസ്ഥാനതലത്തിൽ വിതരണംചെയ്ത പട്ടയങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല. സ്വന്തം ഭൂമിയിൽ രേഖയോടെയുള്ള അവകാശം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുടുംബങ്ങൾ. സംസ്ഥാനത്ത്‌ 13,500 പട്ടയങ്ങൾ വിതരണംചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  ജില്ലാതല പട്ടയവിതരണം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്‌തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാർ നയമെന്ന്‌ മന്ത്രി പറഞ്ഞു.
പൊന്നാനി ഒതളൂർ കോലിക്കര സ്വദേശി തെക്കേക്കര സുരേഷിന് മന്ത്രി ആദ്യ പട്ടയം നൽകി. 20 കുടുംബങ്ങൾക്കാണ് പരിപാടിയിൽ പട്ടയം നൽകിയത്. മഞ്ചേരി ലാൻഡ് ട്രൈബ്യൂണലിൽനിന്ന് 502,  തിരൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് 498, തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണലിൽനിന്ന് 429, തിരൂർ എൽഎ (ജനറൽ) 223, മലപ്പുറം ലാൻഡ് ട്രൈബ്യൂണൽ (ദേവസ്വം പട്ടയം) 200, എൽഎ (എയർപോർട്ട്) 109, മലപ്പുറം എൽഎ (ജനറൽ) 100 എന്നിങ്ങനെ പട്ടയങ്ങളാണ്‌ മേളയിൽ വിതരണംചെയ്തത്. 
 കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. എം പി അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ യു എ ലത്തീഫ്, പി കെ ബഷീർ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, കലക്ടർ വി ആർ പ്രേംകുമാർ, എഡിഎം എൻ എം  മെഹറലി, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളെ  പ്രതിനിധീകരിച്ച്‌ ഇ എൻ മോഹൻദാസ്‌, പി കെ കൃഷ്‌ണദാസ്‌, ഉമ്മർ അറയ്‌ക്കൽ എന്നിവർ സംസാരിച്ചു.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top