27 April Saturday
ടി വി സുരേഷ്‌

മെഡിക്കല്‍ കോളേജില്‍ 
4 പദ്ധതികളൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

റാമ്പ്‌ സജ്ജമാക്കിയ എ, ബി ബ്ലോക്കുകള്‍

മഞ്ചേരി
സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉദ്‌ഘാടനത്തിനൊരുങ്ങിയത്‌ നാല്‌ പദ്ധതികൾ. നഴ്‌സിങ് കോളേജ്, അത്യാഹിത വിഭാഗം, റാമ്പ്, പീഡിയാട്രിക് ഐസിയു എന്നിവ തയ്യാറായി. 23 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ കല്ലിടലും ഇതോടൊപ്പമുണ്ടാകും.
നഴ്‌സിങ്ങിന്‌ 60 സീറ്റ്‌
ഗവ. നഴ്സിങ് കോളേജിൽ ഈ വർഷം 60 പേർക്ക്‌ പ്രവേശനം നൽകി. താമസസൗകര്യം ഉൾപ്പെടെ സജ്ജമാക്കി. മെഡിക്കൽ കോളേജിന്റെ പഴയ അക്കാദമിക കെട്ടിടത്തിലാണ്‌ ഓഫീസ്. ഒന്നാം വർഷ ക്ലാസുകൾക്ക്‌ 18 തസ്തികകൾ സൃഷ്ടിച്ചു. കോഴിക്കോട് നഴ്സിങ് കോളേജ് പ്രിൻസിപ്പലിന്‌ താൽക്കാലിക ചുമതല നൽകി.
വരുന്നു ക്രിട്ടിക്കൽ കെയർ ബ്ലോക്ക്‌
പഴയ പിഡബ്ല്യുഡി റസ്റ്റ്ഹൗസും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചാണ്‌ മൂന്നുനിലയുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം. 18.50 കോടി രൂപ ചെലവിൽ കിറ്റ്കോക്കാണ് കരാർ. ഐസൊലേഷൻ യൂണിറ്റായും ക്രമപ്പെടുത്താനാകും. ഓപറേഷൻ തിയറ്റർ, ഐസിയു, ഹൈ ഡിപെൻഡൻസറി കിടക്ക, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി എന്നിവയുണ്ടാകും. ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി. ഒന്നരവർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും.
നവീനം അത്യാഹിത വിഭാഗം 
മൂന്ന് ഘട്ടമായി അത്യാഹിത വിഭാഗം നവീകരിച്ചു. കേന്ദ്രീകൃത ശീതീകരണ സംവിധാനമുണ്ട്‌. മൈനർ ഓപറേഷൻ തിയറ്റർ, ഐസിയു, നിരീക്ഷണ വാർഡ്, സ്റ്റോർ മുറികൾ, ഇഎൻടി, ഡെന്റൽ, ഒഫ്ത്താൽമോളജി, പ്രിവന്റീവ് മെഡിസിൻ, ഗൈനക്കോളജി, നിരീക്ഷണ വാർഡ്, വരാന്ത എന്നിവയാണ്‌ രണ്ടും മൂന്നും ഘട്ടത്തിൽ ഉൾപ്പെട്ടത്‌. പുതിയ ഫർണിച്ചർ, ശൗചാലയങ്ങൾ, വിപുലമായ ട്രയേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമാ കെയർ സംവിധാനം എന്നിവയും ഒരുങ്ങി. 
ആധുനികം പീഡിയാട്രിക് ഐസിയു 
ആധുനിക സംവിധാനങ്ങളോടെയാണ്‌ പീഡിയാട്രിക്‌ ഐസിയു. ഇവിടെനിന്ന് മാറ്റുന്നവർക്കായി പ്രത്യേക മുറിയും 30 കിടക്കകളുള്ള വാർഡുമുണ്ട്. ഒരുകോടിയാണ്‌ പദ്ധതി ചെലവ്‌. നാല് വെന്റിലേറ്റർ, ബേബിവാമേഴ്സ്, ഇസിജി യന്ത്രം, ബെഡുകൾ എന്നിവയുണ്ട്‌. 
റാമ്പുണ്ട്‌, ലിഫ്‌റ്റ്‌ വേണ്ട
എ, ബി ബ്ലോക്കുകളിലെ വാർഡുകളെ ബന്ധിപ്പിച്ചാണ് റാമ്പ്. ലിഫ്റ്റിന്റെ സഹായമില്ലാതെ രോഗികളെ പുറത്തിറക്കാനും കയറ്റാനും കഴിയും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top