26 April Friday

ഇശലുകളുടെ തമ്പുരാൻ ഇനി ഓർമയിലെ ഈണം

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടിക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു

 

കൊണ്ടോട്ടി 
ഇശലുകളുടെ തമ്പുരാന് ജന്മനാട് വിടയേകി. അനശ്വര മാപ്പിളപ്പാട്ട്‌ ഗായകൻ വി എം കുട്ടി  ഇനി ഓർമയിലെ ഈണം. ബുധന്‍ പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്‌ അന്ത്യോപചാരം അർപ്പിക്കാൻ നാടിന്റെ  നാനാതുറകളിലുള്ളവർ എത്തി. പകൽ രണ്ട്‌ മുതൽ മൂന്നുവരെ മൃതദേഹം കൊണ്ടോട്ടി വൈദ്യർ അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ പുളിക്കൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ ഖബറടക്കി. 
വൈദ്യർ അക്കാദമിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസിന്റെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ റീത്ത് സമർപ്പിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനെത്തി. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്കുട്ടി, കേരള വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, വൈദ്യർ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്‌, സംഗീത സംവിധായകൻ കെ വി അബൂട്ടി, മാപ്പിളപ്പാട്ട് ഗാന രചയിതാക്കളായ ബാപ്പു വെള്ളിപ്പറമ്പ്, ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ, ഗായകരായ വിളയിൽ ഫസീല, കണ്ണൂർ സീനത്ത്, മുക്കം സാജിത, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ വി എം കുട്ടിയുടെ വസതിയിലും വൈദ്യർ അക്കാദമിയിലും എത്തി അന്ത്യോപചാരം അർപ്പിച്ചു.
വൈദ്യർ അക്കാദമിയിൽ സംസ്ഥാന പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വൈദ്യർ അക്കാദമിയിൽ അനുശോചന യോഗവും ചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top