26 April Friday

അമ്പരപ്പ് മാറാതെ നാട്ടുകാര്‍, *മുക്കട്ടയിലേത് ദുരൂഹത നിറഞ്ഞ വീട്

സ്വന്തം ലേഖകൻUpdated: Thursday May 12, 2022

നിലമ്പൂർ
വൈദ്യന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നിലമ്പൂർ മുക്കട്ടയിലെ നാട്ടുകാർ. പൊതുസമൂഹത്തിൽ മാന്യനായി കഴിഞ്ഞ ഷൈബിൻ അഷ്‌റഫിനെ കുറിച്ചുള്ള പുതിയ വാർത്തകൾ പുറത്തുവന്നത് അയൽവാസികൾക്കുപോലും അമ്പരപ്പുണ്ടാക്കി. പത്ത് വർഷംമുമ്പാണ്‌ ഷൈബിൻ  മുക്കട്ടയിലെ പി വി അലിയിൽനിന്ന് വീട് വിലയ്ക്ക് വാങ്ങുന്നത്. ആദ്യമൊക്കെ നാട്ടുകാരുമായി വലിയ ബന്ധം പുലർത്തിയിരുന്ന ഷൈബിൻ പിന്നീട് അകൽച്ച പാലിക്കുകയായിരുന്നു. ഇടയ്ക്കിടെ വിദേശത്ത് പോയിവരുന്ന ഷൈബിൻ വീട്ടിൽ അധികം താമസിക്കാറില്ലായിരുന്നു എന്നാണ് പൊലീസ് നിഗമനം.
ഷാബാ ഷരീഫെന്ന നാട്ടുവൈദ്യനെ തട്ടിക്കൊണ്ടുവന്നതുമുതൽ നാട്ടുകാരുമായി വലിയ ബന്ധമില്ലാത്ത നിലയിലായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്. ഷാബാ ഷരീഫിനെ ബന്ധിയാക്കിയതിന് പിന്നാലെ വീടിന് നാലുവശവും ഉയരത്തിലുള്ള ഷീറ്റ് കൊണ്ട് മറച്ചു കെട്ടിയിരുന്നു. നാട്ടുകാർ പലരും ചോദിച്ചപ്പോൾ വീട്ടിൽ വിവിധ പണികൾ നടക്കുകയാണെന്നാണ് പറഞ്ഞിരുന്നത്.
 മുക്കട്ട കരുളായി റോഡിൽ മുക്കട്ട അങ്ങാടിയോട് ചേർന്നാണ് വീട്.  കിഡ്നി രോഗികൂടിയായ പ്രതി കോവിഡ് കാലത്ത് അണുബാധയുണ്ടാകുമെന്ന പേരിൽ അയൽവാസികളെപോലും വീട്ടിലേക്ക് കടത്തിവിട്ടിരുന്നില്ല. ആഡംബര വീട്ടിൽ പലരും വന്നുപോകുന്നത്‌ രാത്രിസമയങ്ങളിൽ ആയിരുന്നു.
യുവ വ്യവസായിയായ ഷൈബിന്റെ വീട്ടിൽ‌ നാലോളം ആഡംബര കാറുകളുണ്ട്. അതിൽ ഇതരസംസ്ഥാന രജിസ്ട്രേഷനുള്ള ആഡംബര കാറുകളുമുണ്ട്. ദുബായിയിൽ ഹോട്ടലുടമയാണെന്നാണ്‌ നാട്ടുകാരെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. ഒന്നരവർഷത്തോളമാണ് നാട്ടുവൈദ്യൻ ഷാബ ഷരീഫിനെ മുക്കട്ടയിലെ വീട്ടിൽ തടങ്കലിലാക്കിയത്. വീട്ടിനുള്ളിൽ ഷാബ ഷരീഫിനെ താമസിപ്പിക്കാൻ പ്രത്യേകം മുറിതന്നെ ഉണ്ടാക്കിയിരുന്നു. വീട്ടിലെ ഒന്നാംനിലയിൽ ബെഡും എസിയും ടോയ് ലെറ്റും സജ്ജമാക്കി. ബെഡിന്റെ തൊട്ടടുത്താണ് പ്രാഥമിക കൃത്യങ്ങൾക്കായി ക്ലോസറ്റ്‌ നിർമിച്ചത്. മുറിയിൽ സിസിടിവിയും സ്ഥാപിച്ചിരുന്നു.


അന്വേഷണം മൈസൂരിലേക്കും
ഷാബാ  ഷരീഫ്‌ വധക്കേസിൽ അന്വേഷണം മൈസൂരിലേക്കും.  ഇതിനായി പ്രത്യേക അന്വേഷക സംഘത്തിലെ ഒരുവിഭാഗം അടുത്ത ദിവസം മൈസൂരിലേക്ക്‌ തിരിക്കും. മൈസൂരു സരസ്വതിപുരം പൊലീസ്‌ സ്‌റ്റേഷനിലെത്തുന്ന സംഘം ഷാബായെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഷാബയെ കാണാനില്ലെന്ന്‌ കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ സരസ്വതിപുരം പൊലീസ്‌ കേസ്‌ രജിസ്‌റ്റർചെയ്‌തിരുന്നു. പൊലീസ്‌ കഴിഞ്ഞ ദിവസം മൈസൂരിലെത്തി ഷാബയുടെ ബന്ധുക്കളെ കണ്ട്‌ വിവരം ശേഖരിച്ചിരുന്നു.
ഷാബയുടെ പുഴയിൽ ഒഴുക്കിയ മൃതദേഹ അവശിഷ്‌ടം ലഭിച്ചാൽ ഡിഎൻഎ പരിശോധന നടത്തും. ഇക്കാര്യവും പൊലീസ്‌ ബന്ധുക്കളെ അറിയിക്കും. ഷാബയും മുഖ്യപ്രതി ഷൈബിനും തമ്മിലുള്ള ഇടപാടുകളുടെ കൂടുതൽ വിവരവും പൊലീസ്‌ ശേഖരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top