26 April Friday

കാട്ടാനകൾക്ക്‌ സഞ്ചാരപാത ഒരുങ്ങുന്നു

എം സനോജ്‌Updated: Tuesday Dec 7, 2021

നിലമ്പൂര്‍ നാടുകാണി ചുരത്തിലൂടെയുള്ള ആനത്താരക്കുസമീപം 
സ്ഥാപിച്ച സൂചനാ ബോര്‍ഡ്

 

 
 
നിലമ്പൂർ
കാട്ടാനകളുടെ സഞ്ചാരപാതകൾ കണ്ടെത്തി സംരക്ഷിക്കാനുള്ള  ആനത്താര പദ്ധതിക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടക്കം. സംസ്ഥാനത്ത്‌ ഏഴ് ആനത്താരകൾ നിർമിക്കും. വനമേഖലകൾക്കിടയിൽ കാട്ടാനകളുടെ പരമ്പരാഗത പാതയാണ്‌ ആനത്താര. വനംവകുപ്പിന്റെ ഭൂവിനിയോഗം വിഭാഗത്തിന്റെ ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതിക വിദ്യ (ജിഐഎസ്) ഉപയോഗിച്ച് പരിശോധിച്ചാണ്  നടപടി പൂർത്തിയാക്കുന്നത്. 
നിലമ്പൂർ -കോവിലകം- ന്യൂ അമരമ്പലം, നിലമ്പൂർ അപ്പൻകാപ്പ്, തിരുനെല്ലി - കുദ്രക്കോട്, മുതുമല നിലമ്പൂർ (ഒവാലി വഴി), ബേഗൂർ ബ്രഹ്മഗിരി, കൊട്ടിയൂർ പെരിയ, പെരിയ പക്രംതളം എന്നീ ആനത്താരകളാണ് നിർമിക്കുക‌. നിലമ്പൂർ- കോവിലകം ന്യൂ അമരമ്പലം റിസർവിലൂടെയുള്ള ആനത്താരയുടെ പ്രവൃത്തി തൊണ്ണൂറ് ശതമാനം പൂർത്തിയായി. ഇത്‌ കടന്നുപോകുന്ന കെഎൻജി പാതയിൽ ആന റോഡ് മുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ റാമ്പുകൾ (താഴ്ന്ന ഭാഗങ്ങളിൽ) സ്ഥാപിക്കുകയും ഉയർന്ന ഭാഗങ്ങളിൽ മൺതിട്ടകൾ നിരപ്പാക്കിയും റോഡിന്റെ പാർശ്വഭിത്തിയുടെ ഉയരം കുറച്ചും ആനകളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്കി. ആനകൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പൊതുജന അവബോധത്തിന് മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. 
നിലമ്പൂർ–-അപ്പൻകാപ്പ് ഇടനാഴി നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തി പദ്ധതി തയ്യാറാക്കി. ആനത്താരക്ക് 0.4 കിലോമീറ്റർ നീളവും 0.5 കിലോമീറ്റർ വീതിയുമുണ്ട്. പദ്ധതിക്കായി പോത്തുകല്ല് വില്ലേജിലെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ആറ്‌ എസ്റ്റേറ്റുകളിൽനിന്നായി 22.8271 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. മുതുമല–-നിലമ്പൂർ–-ഒവാലി വഴിയുള്ള ആനത്താരക്കായി കേരളത്തിന്റെ ഭാഗംവരുന്ന പ്രദേശത്ത് സ്ഥലം ഏറ്റെടുക്കേണ്ടതില്ല. 
35 കിലോമീറ്റർ നീളവും 0.1 കിലോമീറ്റർ വീതിയുമാണ് മുതുമല–-നിലമ്പൂർ ആനത്താരക്കുള്ളത്. പെരിയ പക്രതളം ആനത്താര 0.5 കിലോമീറ്റർ നീളവും 0.2 കിലോമീറ്റർ വീതിയിലുമാണ് നിർമിക്കുക. സംസ്ഥാനത്താകെ 350 ഹെക്ടർ സ്വകാര്യഭൂമി ആനത്താരകൾക്കുമാത്രമായി ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വനംവകുപ്പ് കരുതുന്നത്. 100 മുതൽ 120 കോടി രൂപവരെ ചെലവ്‌ വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top