27 April Saturday

പ്രതികളെ കുടുക്കിയത്‌ പൊലീസിന്റെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
കൊണ്ടോട്ടി
മണി ചെയിൻ മോഡൽ തട്ടിപ്പ്‌ സംഘത്തലവനെയുൾപ്പെടെ കുടുക്കിയത്‌ പൊലീസിന്റെ പഴുതടച്ച അന്വേഷണം. മുസ്ല്യാരങ്ങാടി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ജാഗ്രതയോടെ അന്വേഷിച്ചു. പരാതി ലഭിച്ച്‌ ഒന്നര മാസത്തിനകം സംഘത്തലവനെ പിടികൂടി. ജില്ലാ പൊലീസ്‌ മേധാവി സുജിത്ത്‌ദാസ്‌ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. 
പ്രതികളായ രതീഷ്‌ചന്ദ്രയും ഈട്ടോളി ബാബുവും മറ്റൊരു തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ടാണ് പരിചയക്കാരാകുന്നത്. പിന്നീട്‌ ഒരുമിച്ചാണ്‌ പുതിയ തട്ടിപ്പ്‌ ആസൂത്രണംചെയ്‌തത്‌. ഗൾഫ് ജിവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസികളുടെ പണവും മോഹനവാഗ്ദാനങ്ങൾ നൽകി കൈക്കലാക്കി. വീട്ടമ്മമാരെയും ചതിച്ചു. പണം നഷ്ടമായ പലരും  പരാതി നൽകാൻ തയ്യാറായിട്ടില്ല. പ്രതികൾ ആഡംബരജീവിതത്തിനാണ്‌ പണം ചെലവിട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു.  ഭൂമിയും  റിസോർട്ടുകളും വാങ്ങിക്കൂട്ടിയതായും വിവരമുണ്ട്. ഇതും വിശദമായി അന്വേഷിക്കുന്നു.
 
11,250 രൂപ അടച്ചാൽ 2 വർഷംകൊണ്ട്‌ ലക്ഷങ്ങൾ
കൊണ്ടോട്ടി മുസ്ല്യാരങ്ങാടി സ്വദേശിയുടെ പരാതിയിലെ അന്വേഷണത്തിലാണ്‌ തട്ടിപ്പുസംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. ഇദ്ദേഹത്തിൽനിന്ന്‌ 23 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തത്‌. രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് 2020 ഒക്ടോബർ 15നാണ്‌  തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ആർ വൺ ഇൻഫോ ട്രേഡ്‌ പ്രൈവറ്റ്‌ എന്ന സ്ഥാപനം തുടങ്ങിയത്‌. മൾട്ടിലെവൽ ബിസിനസ്‌ നടത്തുന്ന ചിലരെയും കൂടെക്കൂട്ടി. നല്ല ശമ്പളം നൽകി എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടീവുമാരെ നിയമിച്ചു.11,250 രൂപ അടച്ചുചേരുന്ന ഒരാൾക്ക് ആറുമാസംകഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ 10 തവണയായി 2.70 ലക്ഷം രൂപ, ആർപി ബോണസായി 81 ലക്ഷം, റഫറൽ കമീഷനായി 20 ശതമാനവും ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഒരാളെ ചേർത്താൽ 2000 രൂപ ഉടൻ അക്കൗണ്ടിലെത്തും.  നൂറുപേരെ ചേർത്താൽ ഉയർന്ന വേതനത്തോടെ സ്ഥിരം ജീവനക്കാരനാക്കും എന്നും വാഗ്‌ദാനംചെയ്‌തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top