26 April Friday
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ സർക്കാരിനൊപ്പം

ജീവനക്കാർ ഹാജർ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
 
സ്വന്തം ലേഖകൻ
മലപ്പുറം
ഞായറാഴ്‌ചയാണ്‌, അവധിയാണ്‌... പെരുമഴയാണ്‌ എന്നുകരുതി കഴിഞ്ഞദിവസം ഭൂരിപക്ഷം സർക്കാർ ജീവനക്കാരും വീട്ടിലിരുന്നില്ല. പകരം കോവിഡ്‌ കാലം കുടിശ്ശികയാക്കിയ ഫയലുകൾ തീർപ്പാക്കാനുള്ള സർക്കാരിന്റെ ഇടപെടലിനൊപ്പം ചേർന്ന്‌ ഓഫീസുകളിലെത്തി. മാസത്തിൽ ഒരു അവധി ദിവസം ഓഫീസുകളിലെത്താനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന അനുസരിച്ചായിരുന്നു ഇത്‌. സന്ദർശകർ ഇല്ലാത്തതിനാൽ ഫയലുകളിൽ വേഗം തീർപ്പാക്കി. ജില്ലയിലെ 154 ഓഫീസുകളിലേറെയായി 4400ൽ ഏറെ ഫയലുകളിലായാണ്‌ ഒറ്റദിവസംകൊണ്ട്‌ തീർപ്പാക്കിയത്‌.  
ജൂൺ 15 മുതൽ സെപ്‌തംബർ 30 വരെയാണ്‌ സർക്കാർ ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചത്‌. അതിന്റെ ചുവടുപിടിച്ച്‌ ജുലൈ മൂന്നിന്‌ ഓഫീസുകളിലെത്താൻ ജീവനക്കാരോട്‌ സർവീസ്‌ സംഘടനകൾ അഭ്യർഥിച്ചു. ചില സർവീസ്‌ സംഘടനകൾ എതിർപ്പുയർത്തിയെങ്കിലും അത്‌ കാര്യമായി ബാധിച്ചില്ല. ജനങ്ങളുടെ ജീവിതത്തെ ഫയലുകളിൽ തീർപ്പാക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങുകയായിരുന്നു. ഞായറാഴ്‌ചകളിൽ ആളനക്കമില്ലാത്ത ഓഫീസുകൾ ആ പതിവു തെറ്റിച്ചു.  
എല്ലായിടത്തും ഹാജർ
മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്രധാനപ്പെട്ട ജില്ലാ ഓഫീസുകളൊക്കെ തുറന്നു. ജില്ലാ ട്രഷറി, ജില്ലാ മെഡിക്കൽ ഓഫീസ്, തദ്ദേശഭരണ വകുപ്പ്‌ ജില്ലാ ഓഫീസ്‌,  ജില്ലാ പഞ്ചായത്ത്,  പട്ടികജാതി വികസന ഓഫീസ്, ഇൻഷൂറൻസ് ഓഫീസ്, ഡിഡിഇ ഓഫീസ്,  ലേബർ ഓഫീസ്, ജില്ലാ പൊലീസ് ഓഫീസ്, എംഎസ്‌പി ഓഫീസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ജിഎസ്ടി ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് ജില്ലാ ഓഫീസ്, ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ്, വ്യവസായ കേന്ദ്രം,   ഭക്ഷ്യസുരക്ഷാ ഓഫീസ്,  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയവ പ്രവർത്തിച്ചു. ജില്ലയിലെ 94 പഞ്ചായത്ത് ഓഫീസുകളും തുറന്നു. താലൂക്ക്‌ ഓഫീസുകൾ ഉൾപ്പെടെ ജില്ലയിലെ മിക്കവാറും ഓഫീസുകളും ഞായറാഴ്‌ച പ്രവർത്തിച്ചു. 
4423 ഫയലുകൾ
തദ്ദേശഭരണവകുപ്പ്‌ ജില്ലാ ഓഫീസിൽ  235 ഫയലുകൾ തീർപ്പാക്കി. വിവിധ പഞ്ചായത്തുകളിലായി 1405 ഫയലുകൾ തീർപ്പാക്കാനായി. ജില്ലാ മെഡിക്കൽ ഓഫീസിൽ 137,  ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ 103, ജില്ലാ പൊലീസ് ഓഫീസിൽ 180, എംഎസ്‌പി ഓഫീസിൽ 100, ക്രൈംബ്രാഞ്ച് ഓഫീസിൽ 32,  ജില്ലാ ലേബർ ഓഫീസിൽ 62, അസി. ഡെവലപ്മെന്റ് കമീഷണറുടെ ഓഫീസിൽ 60, ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ 45, മലപ്പുറം വില്ലേജ് ഓഫീസിൽ 15, മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ 15, ജിഎസ്ടി ജോയിന്റ് കമീഷണർ ഓഫീസിൽ 25, സഹകരണ ജോയിന്റ് കമീഷണറുടെ ഓഫീസിൽ 30, ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിൽ 39, തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ 127,  നിലമ്പൂർ താലൂക്ക് ഓഫീസിൽ 105, പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ 62, പൊന്നാനി താലൂക്ക് ഓഫീസിൽ 242 എന്നിങ്ങനെ ഫയലുകൾ തീർപ്പാക്കി. ഏറനാട് താലൂക്കിലും വിവിധ വില്ലേജുകളിലുമായി 1364 ഫയലുകളും തീർപ്പാക്കി.  
മുന്നൊരുക്കം
സർക്കാരിന്റെ ഫയൽ തീര്‍പ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജില്ലയിൽ മുന്നൊരുക്കം നടത്തിയിരുന്നു. കലക്ടർ വകുപ്പുതലവന്മാരുടെ യോഗം വിളിച്ചുചേർത്തതിനുപുറമേ മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുത്ത്‌ അവലോകന യോഗവും ചേർന്നിരുന്നു. 
 
 
ജീവനക്കാർക്ക്‌ അഭിനന്ദനം 
മലപ്പുറം 
അവധിദിനത്തിലും സ്വയം സന്നദ്ധരായി ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെയും അധ്യാപക  സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു. കോവിഡ്‌ കാലം സൃഷ്‌ടിച്ച പ്രതിസന്ധിയിലാണ്‌ സർക്കാർ ഓഫീസുകളിൽ ഫയലുകളിൽ തീർപ്പാക്കൽ കുടിശ്ശികയായത്‌. 
സർക്കാരിന്റെ അഭ്യർഥന പ്രകാരം ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ സംഘടനകൾക്കതീതമായി ജീവനക്കാർ സഹകരിച്ചു–- സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top