27 April Saturday

ഹര്‍ജിക്കാരുടെ 
ജാള്യംമറയ്‌ക്കാൻ മാധ്യമസഹായം

സ്വന്തം ലേഖകൻUpdated: Saturday Feb 4, 2023
 
മലപ്പുറം
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ ബാങ്ക്‌ പ്രസിഡന്റായിരുന്ന യു എ ലത്തീഫ്‌ എംഎൽഎ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയപ്പോൾ ജാള്യംമറയ്‌ക്കാൻ മാധ്യമങ്ങളുടെ സഹായം. വിധിയിൽ എവിടെയും സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടില്ലെങ്കിലും ചില മാധ്യമങ്ങളുടെ വാർത്ത ‘സർക്കാരിന്‌ രൂക്ഷവിമർശനം’ എന്നായി. 
ലയന നടപടികൾ അടിയന്തരമായി സ്‌റ്റേചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ ദിനേശ്‌ മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ തള്ളുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി റിസർവ്‌ ബാങ്കിന്റെയടക്കം അനുമതി വാങ്ങിയാണ്‌ ജില്ലാ സഹകരണ ബാങ്കുകളെ കേരളാ ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതെന്ന്‌ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 
ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഭേദഗതിയിലൂടെയാണ്‌ ലയന നടപടി എന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചുമില്ല. ഹൈക്കോടതി വിധിയിൽ ഇടപെടാൻ കാരണമില്ലെന്നും ലയിപ്പിച്ചുള്ള അന്തിമ ഉത്തരവിനെ ഹര്‍ജിക്കാർ ചോദ്യംചെയ്‌തിട്ടില്ലെന്നും വിധിയിൽ പറയുന്നുണ്ട്‌. ഇക്കാരണങ്ങളാൽ ഹര്‍ജി തള്ളുന്നതായി പറഞ്ഞ കോടതി സ്‌റ്റേ വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. 
കോടതിയിൽ ജഡ്‌ജി നടത്തിയ പരാമർശമാണ്‌ മാധ്യമങ്ങൾ സർക്കാരിന്‌ രൂക്ഷ വിമർശം എന്ന്‌ വാർത്തയായി നൽകിയത്‌. നോട്ട്‌ നിരോധത്തിനെതിരായ ഹര്‍ജിയിൽ വാദത്തിനിടെ കോടതിയിൽനിന്ന്‌ സർക്കാരിനെതിരെ പരാമർശമുണ്ടായെങ്കിലും അന്തിമവിധിയെ അത്‌ ബാധിച്ചില്ല. സുപ്രീം കോടതിയിൽ യു എ ലത്തീഫിനുവേണ്ടി ഹാജരായ അഭിഭാഷകനോട്‌ അടുപ്പമുള്ള മാധ്യമപ്രവർത്തകരാണ്‌ സർക്കാരിന്‌ രൂക്ഷവിമർശം എന്ന്‌ ബ്രേക്കിങ്‌ ന്യൂസ്‌ നൽകിയത്‌. ഇത്‌ വിധിയിൽ ഇല്ലാതിരുന്നിട്ടും മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളും പിന്തുടർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top