26 April Friday

തൊഴിലവസരങ്ങളുമായി കുടുംബശ്രീ ഹോംഷോപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
മലപ്പുറം/മഞ്ചേരി
ജില്ലയിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ബൃഹദ് പദ്ധതിയുമായി കുടുംബശ്രീ ജില്ലാമിഷൻ ഒരുങ്ങുന്നു. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെയും കമ്യൂണിറ്റി മാർക്കറ്റിങ് സംവിധാനങ്ങളെയും ഏകോപിപ്പിച്ച്‌  കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയാണ്‌ ജില്ലയിൽ നടപ്പാക്കുന്നത്. 
കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളെ  ഉൾപ്പെടുത്തിയാണ്‌ പ്രവർത്തനം.19 കോടി രൂപയാണ്  ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഹോംഷോപ്പ് പദ്ധതിക്ക്‌ വകയിരുത്തിയിട്ടുള്ളത്. കോഴിക്കോട് ജില്ലാ ഹോംഷോപ്പ് മാനേജ്മെന്റ്‌ ടീം തന്നെയാണ് ജില്ലയിലും  പരിശീലനം നൽകുന്നത്. ഒന്നാംഘട്ടത്തിൽ കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ സിഡിഎസുകളിലും മഞ്ചേരി കൊണ്ടോട്ടി നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ  സിഡിഎസുകളിലും ഒരു ഉൽപ്പാദന യൂണിറ്റെങ്കിലും പുതുതായി സ്ഥാപിക്കും. സിഡിഎസുകളിൽ സിഡിഎസ് ലെവൽ കോ-ഓഡിനേറ്റർമാരെയും (സിഎൽസി) വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരേയും (ഡബ്ല്യുഎൽഎഫ്) നിയമിക്കും. ഓരോ വാർഡിലും ജനസംഖ്യാനുപാതികമായി  ഹോംഷോപ്പ് ഓണർമാരെയും നിയമിക്കും. 
സിഡിഎസ് ലെവൽ കോ–-ഓർഡിനേറ്റർമാർക്കുള്ള മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലന പരിപാടി മഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ആരംഭിച്ചു. മഞ്ചേരി നഗരസഭാ അധ്യക്ഷ വി എം സുബൈദ  ഉദ്ഘാടനംചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്‌സൺ പി സറഫുന്നീസ, സിറ്റി മിഷൻ മാനേജർ ശ്രീയേഷ്, ബ്ലോക്ക് ലെവൽ കോർഡിനേറ്റർമാരായ വി സൗഫീന, ജസിയ കാവന്നൂർ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ്‌ 
ഇങ്ങനെ
കുടുംബശ്രീ സിഡിഎസുകൾവഴി അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ഓരോ ഒഴിവുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുടുംബശ്രീമിഷൻ സൗജന്യ പരിശീലനം നൽകും. ബാഗ്, ഐഡി കാർഡ്, യൂണിഫോം എന്നിവയും അനുവദിക്കും. ടൂവീലർ വാങ്ങുന്നതിന് കുറഞ്ഞ പലിശയിൽ 80,000 രൂപവരെ ലോണും അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top