26 April Friday

കപ്പലുണ്ടോ ദ്വീപിലെത്താൻ

മനാഫ് താഴത്ത്Updated: Wednesday Nov 30, 2022
ഫറോക്ക് 
കപ്പൽ സർവീസ് പുനരാരംഭിക്കാത്തതിനാൽ ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയായില്ല. കൊച്ചിയിൽനിന്നുണ്ടായിരുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും ബേപ്പൂരിൽനിന്ന്‌ കപ്പലില്ലാതായതും ലക്ഷദ്വീപ് നിവാസികളെ ദുരിതത്തിലാക്കുന്നു. കപ്പൽയാത്ര സംവിധാനം അവതാളത്തിലായതോടെ കേരളത്തെ ആശ്രയിക്കുന്ന ദ്വീപുകാരായ രോഗികളും വിദ്യാർഥികളുമാണ് കൂടുതൽ വലഞ്ഞത്. ആയിരങ്ങളാണ് ദ്വീപിലും കേരളത്തിലുമായി കുടുങ്ങിയിരിക്കുന്നത്. വ്യാപാര–-വാണിജ്യ മേഖലയിലുള്ളവരും പ്രതിസന്ധിയിലാണ്.
അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കുപോലും യാത്രാ ടിക്കറ്റ് ലഭിക്കാൻ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ട ഗതികേടിലാണിപ്പോൾ.
ഏഴ്‌ കപ്പലുകൾ മുടക്കമില്ലാതെ സർവീസ് നടത്തിയിരുന്ന കൊച്ചി–-ദ്വീപ് റൂട്ടിൽ  ആറുമാസത്തോളമായി രണ്ട്‌ കപ്പൽ മാത്രമായി ചുരുങ്ങി. ബേപ്പൂർ, മംഗളൂരു  തുറമുഖങ്ങളിൽനിന്നുള്ള സർവീസ് പൂർണമായും നിർത്തുകയുംചെയ്‌തു. 
കൊച്ചിയിൽനിന്ന്‌ സർവീസ് നടത്തുന്ന  രണ്ട്‌ കപ്പലുകളിലായി  650 സീറ്റുകളാണുള്ളത്. ഇതിൽ ബേപ്പൂരിൽനിന്നുള്ളവർക്ക് ഒരു കപ്പലിൽ 20 ശതമാനവും അറേബ്യൻ സീ എന്ന കപ്പലിൽ 10 ശതമാനവും സീറ്റുകളാണ് അനുവദിക്കുന്നത്. അതേസമയം നേരത്തെ സർവീസ് നടത്തിയിരുന്ന എം വി കവരത്തി കപ്പലിൽമാത്രം 750 ടിക്കറ്റും 200 ടൺ ചരക്കും അനുവദിച്ചിരുന്നു. 
അവധിക്കാലത്തുപോലും സ്വദേശത്ത് പോകാനാവാത്ത ദുരവസ്ഥയാണെന്നും ഈ സ്ഥിതി തുടർന്നാൽ ദ്വീപ് നിവാസികളുടെ പഠനം, ചികിത്സ എന്നിവയെ സാരമായി ബാധിക്കുമെന്നും ഫാറൂഖ് കോളേജ് എംഎ വിദ്യാർഥിയും അകത്തി ദ്വീപുവാസിയുമായ അഖ്ഹദ് സാഖിൽ പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടൽവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top