27 April Saturday

രണ്ടുകോടി ഹിറ്റിൽ ജാഗ്രത

സ്വന്തം ലേഖകന്‍Updated: Monday Nov 30, 2020
കോഴിക്കോട്‌
കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ഐടി മിഷനും  ഒരുക്കിയ കോവിഡ് 19 ജാഗ്രതാ പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റിന്റെ അഭിമാന നേട്ടം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന  സർക്കാരിനുവേണ്ടി വികസിപ്പിച്ച സമഗ്ര പകർച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രതാ പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.
   രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്ക് സഹായം നൽകാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് കലക്ടറുടെ മേൽ നേട്ടത്തിൽ പോർട്ടലിന് രൂപം നൽകിയത്. 
    വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസ്സിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചു.
  റൂം ക്വാറന്റൈനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം,  ടെസ്റ്റിങ്‌ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണിത്‌.
ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒപി സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ  പരിശോധിക്കാനും വിദഗ്ധചികിത്സ നിർദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള   സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയാനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമുള്ള മാർഗം എന്നിവയും പോർട്ടലിലുണ്ട്.  
മൺസൂൺ തയ്യാറെടുപ്പുകളുടെ മേൽനോട്ടം, റിവേഴ്‌സ് ക്വാറന്റൈൻ, ലഭ്യമാകുന്ന വിവരങ്ങൾ തത്സമയം അപഗ്രഥിച്ച്   ഇടപെടലുകൾ നടത്താൻ ഭരണ സംവിധാനത്തെ സഹായിക്കുന്ന സംസ്ഥാന–-ജില്ലാതല ഡാഷ്ബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയാണ്  ആപ്ലിക്കേഷൻ ഒരുക്കിയത്.  പുതുതായി കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനവും പോർട്ടലിൽ പ്രവർത്തന സജ്ജമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top