02 May Thursday
ഡിസിസി പുനഃസംഘടന

ഭാരവാഹികളാകാൻ അടിപിടി വരുന്നത്‌ ജംബോ പട്ടിക

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
കോഴിക്കോട്‌
ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹിസ്ഥാനം പിടിക്കാൻ  ഗ്രൂപ്പ്‌ യുദ്ധം മുറുകി. കഴിഞ്ഞകാലങ്ങളിൽ എ, ഐ ഗ്രൂപ്പുകൾ മാത്രമായിരുന്നെങ്കിൽ നിലവിൽ വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ എന്നിവരുടെ പേരിലും ഗ്രൂപ്പ്‌ സമവാക്യമുണ്ട്‌. ആകെയുള്ള 35 ഡിസിസി ഭാരവാഹികളെയും 36 നിർവാഹക സമിതി അംഗങ്ങളെയും കണ്ടെത്താൻ ഇരട്ടിയിലധികം പേരുടെ ലിസ്‌റ്റാണ്‌ തയ്യാറാകുന്നത്‌. ഇതിൽനിന്ന്‌ ഭാരവാഹികളെ കണ്ടെത്തുക കെപിസിസിക്ക്‌ വെല്ലുവിളിയാകും. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ജില്ലയിലെ കോൺഗ്രസ്‌ ഗ്രൂപ്പ്‌ സമവാക്യങ്ങൾ പാടെ മാറിമറിഞ്ഞു. എ, ഐ ഗ്രൂപ്പുകൾ തന്നെ പല നേതാക്കൾക്കുകീഴിലായി ചിതറിക്കിടക്കയാണ്‌. ഇതിനിടയിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ ടീമും ഉണ്ട്‌. ഇവർ പഴയ എ, ഐ ഗ്രൂപ്പുകാരാണ്‌. കെപിസിസിയെ  വെല്ലുവിളിച്ചാണ്‌ എം കെ രാഘവന്റെ പടപ്പുറപ്പാട്‌. മുതിർന്ന നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ തികഞ്ഞ നിസ്സഹകരണത്തിലുമാണ്‌. കെ മുരളീധരന്‌ ജില്ലയിൽ പഴയ പ്രഭാവമില്ല. കെ സുധാകരന്റെ നോമിനിയായി ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാനും നേതാക്കൾ രംഗത്തുണ്ട്‌. 
ഭാരവാഹികളിൽ പകുതിപേർ അമ്പത്‌ വയസ്സിന്‌ താഴെയുള്ളവരായിരിക്കണമെന്ന കെപിസിസി നിബന്ധന പലർക്കും തിരിച്ചടിയാണ്‌. നിലവിലുള്ള ഭാരവാഹികളിൽ പലരും ഇതോടെ തെറിക്കും. പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പ്‌ യോഗങ്ങൾ വിളിച്ച്‌ സ്ഥാനമുറപ്പിക്കാനുള്ള ഓട്ടത്തിലാണ്‌ പലരും. ഡിസിസി ഭാരവാഹികൾക്കൊപ്പം ബ്ലോക്ക്‌, മണ്ഡലം പ്രസിഡന്റുമാരെയും കണ്ടെത്തണം. ഇവർ പുതുമുഖങ്ങളായിരിക്കണമെന്നാണ്‌ കെപിസിസി നിബന്ധന. 
നോമിനികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പലരും. സംഘടനാ വിഷയങ്ങൾ പരിഹരിക്കാതെ പുനഃസംഘടനയിലേക്ക്‌ കടന്നതും വെല്ലുവിളിയായി. പല ബ്ലോക്ക്‌, മണ്ഡലം  കമ്മിറ്റികളിലും  ഗ്രൂപ്പ്‌ തർക്കം രൂക്ഷമാണ്‌. ഇവിടങ്ങളിൽ ഭാരവാഹികളെ നിശ്ചയിക്കുക നേതൃത്വത്തിന്‌ തലവേദനയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top