27 April Saturday

കൈപിടിക്കുന്നു, 
ദാരിദ്ര്യത്തിൽനിന്ന്‌

●സ്വന്തം ലേഖകന്‍Updated: Friday Oct 29, 2021
കോഴിക്കോട്‌
ദാരിദ്ര്യമുള്ളവരെ സമൂഹത്തിന്റെ മുന്നിലേക്ക്‌ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയക്ക്‌ ജില്ലയിൽ തുടക്കമായി. അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ്‌ സമിതികൾ രൂപീകരിച്ചാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തുക.
സ്ഥലവും വീടുമില്ലാത്ത തെരുവിൽ അലയുന്ന കുടുംബം, റേഷൻ കാർഡില്ലാത്ത, ഭക്ഷ്യധാന്യം ലഭ്യമാകാത്ത, തൊഴിലെടുക്കാൻ ശേഷിയില്ലാത്ത കുടുംബം, കുടുംബത്തിലെ കിടപ്പുരോഗിയെ പരിപാലിക്കുന്നതുമൂലം തൊഴിൽശേഷി അവശേഷിക്കുന്നയാൾക്കുപോലും ജോലിയെടുക്കാൻ കഴിയാതെ വരുന്ന കുടുംബം, വയോജനങ്ങൾ മാത്രമുള്ള ആർക്കും തൊഴിലെടുക്കാനാകാത്ത കുടുംബം എന്നിങ്ങനെയാണ്‌ അതിദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്‌ചയിച്ചിരിക്കുന്നത്‌. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ക്ലേശ, അതിക്ലേശ ഘടകങ്ങളെയും കണ്ടെത്തും. പിന്നോക്ക സാമൂഹിക വിഭാഗങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകും.
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനമാണ്‌ ഇപ്പോൾ നടക്കുന്നത്‌. നവംബർ അഞ്ചിനകം ഇത്‌ പൂർത്തീകരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തദ്ദേശ, വാർഡുതലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കും. പദ്ധതി ഏകോപനത്തിനായി ജില്ലാതല സമിതിയുമുണ്ടാകും. വാർഡംഗം അധ്യക്ഷനും വാർഡിന്റെ ചുമതലയുള്ള ഓഫീസർ കൺവീനറുമായാകും സമിതി രൂപീകരിക്കുക. അങ്കണവാടി വർക്കർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധി, എസ്‌സി, എസ്‌ടി പ്രൊമോട്ടർ, ആർആർടി പ്രതിനിധികൾ, പാലിയേറ്റീവ്‌ കെയർ വളന്റിയർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ജീവകാരുണ്യ സാമൂഹ്യക്ഷേമ പദ്ധതിയിൽ സജീവമായവർ, റസിഡന്റ്‌സ്‌ അസോ. പ്രതിനിധി, ബിഎൽഒ, തൊഴിലുറപ്പ്‌ മേറ്റ്‌ പ്രതിനിധി, രാഷ്ട്രീയ പാർടി പ്രതിനിധികൾ, ആരോഗ്യ ശുചിത്വസമിതി കൺവീനർ എന്നിവർ സമിതിയിലു   ണ്ടാകും.
സമിതിയുടെ നേതൃത്വത്തിൽ അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തും. 
എന്യൂമറേറ്റർമാർ ശേഖരിക്കുന്ന വിവരങ്ങൾ സൂപ്പർ ചെക്കിങ്‌ നടത്തി വാർഡുതല പട്ടിക തയ്യാറാക്കും. അർഹരായവരുടെ അതിദരിദ്രരുടെ പട്ടികയും തയ്യാറാക്കി അംഗീകാരം നേടും. വാർഡുതല പട്ടിക ഗ്രാമസഭകളിൽ അംഗീകരിക്കും. തുടർന്ന്‌ തദ്ദേശ സ്ഥാപനതല പദ്ധതിയും ഓരോ കുടുംബത്തിനുമായി മൈക്രോ പ്ലാനും തയ്യാറാക്കും. ഇവയുടെ നടത്തിപ്പിന്‌ ആവശ്യമായ വിഭവസമാഹരണവും തുടർന്നുണ്ടാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top