26 April Friday
മേയറെ കെെയേറ്റം ചെയ്‌തു

കലാപ നീക്കം

സ്വന്തം ലേഖികUpdated: Wednesday Jun 29, 2022

കോര്‍പറേഷന്‍ കൗണ്‍സില്‍ യോ​ഗത്തിനിടെ മേയര്‍ക്കെതിരെ അക്രമം നടത്തുന്ന യുഡിഎഫ്–-ബിജെപി കൗണ്‍സിലര്‍മാര്‍

കോഴിക്കോട്‌
കോർപറേഷൻ യോഗത്തിനിടെ അക്രമ സമരവുമായി പ്രതിപക്ഷം. മേയർ ഡോ. ബീന ഫിലിപ്പിനെ കൈയേറ്റം ചെയ്‌ത യുഡിഎഫ്‌–- ബിജെപി അംഗങ്ങൾ കോർപറേഷനിൽ നാശനഷ്ടവും വരുത്തി. അനധികൃത കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന്‌ കോർപറേഷൻ നടപടി സ്വീകരിച്ചിട്ടും അക്രമമുണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ്‌ പ്രതിപക്ഷ ശ്രമം. സംസ്ഥാന വ്യാപകമായി യുഡിഎഫ്‌–- ബിജെപി കൂട്ടുകെട്ട്‌ അഴിച്ചുവിടുന്ന കലാപശ്രമത്തിന്റെ പശ്ചാത്തലത്തിലാണ്‌ കോർപറേഷനിലും അക്രമം. കോർപറേഷൻ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സമരമുറകളാണ്‌ പ്രതിപക്ഷം സ്വീകരിച്ചത്‌.  
സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ കെ സി ശോഭിത നൽകിയ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന്‌ മേയർ  അറിയിച്ചതോടെയാണ്‌ ബഹളത്തിന്‌ തുടക്കം. അന്വേഷണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംശയത്തിന്റെ പേരിൽ  പ്രമേയം അനുവദിക്കാനാവില്ലെന്ന്‌ മേയർ അറിയിച്ചു. നേരത്തേയുള്ള പരാതികളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയാണ്‌ മേയർ അനുമതി നിഷേധിച്ചത്‌.  ഇതോടെ  മുദ്രാവാക്യം മുഴക്കി യുഡിഎഫും ബിജെപി കൗൺസിലർമാരും ബഹളം വെച്ചു.  തുടർന്ന്‌ ഡയസിന്‌ മുന്നിലേക്ക്  ഇരച്ചെത്തി മേയറെ കൈയേറ്റം ചെയ്‌തു. ഉന്തിനും തള്ളിനുമിടെ മേയറുടെ കൈക്ക്‌   മുറിവുണ്ടായി. യുഡിഎഫ്‌, ബിജെപി കൗൺസിലർമാർ ചേർന്ന്‌  അജൻഡ കീറിയെറിഞ്ഞു. മൈക്ക്‌ താഴ്‌ത്തിയിടാനും ശ്രമിച്ചു. മേയറുടെ ചേമ്പറിൽ രണ്ട്‌ മണിക്കൂറോളം പ്രകടനവും മുദ്രാവാക്യവും വിളിച്ച്‌ പ്രതിപക്ഷം യോഗം അലങ്കോലപ്പെടുത്തി. 
കൗൺസിൽ തടസ്സപ്പെടുത്തിയ ശേഷം ബിജെപി കൗൺസിലർമാർ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ചേംബറിൽ  പേര്‌ പതിച്ച  ബോർഡുകൾ  പൊട്ടിച്ചെറിഞ്ഞു. ബിജെപി കൗൺസിലർ ടി റനീഷിന്റെ നേതൃത്വത്തിലാണ്‌ കൗൺസിലിന്റെ ചരിത്രത്തിലില്ലാത്ത വിധം അതിക്രമം നടത്തിയത്‌.  ബിജെപി കൗൺസിലർ എൻ ശിവപ്രസാദിനെ അറസ്റ്റ് ചെയ്‌തു. പ്രശ്‌നമുണ്ടാക്കാനായി യൂത്ത്‌ ലീഗുകാരും സംഘടിച്ചെത്തിയിരുന്നു. അകത്തേക്ക്‌ കടക്കാൻ ശ്രമിച്ച ഇവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.
ബാനറും പോസ്‌റ്ററുകളുമായാണ്‌ യുഡിഎഫ്‌, ബിജെപി കൗൺസിലർമാർ യോഗത്തിനെത്തിയത്‌. ഉന്തും തള്ളുമായതോടെ എൽഡിഎഫ്‌ കൗൺസിലർമാർ ചുറ്റും സംരക്ഷണമൊരുക്കിയാണ്‌ മേയർ കൗൺസിൽ ഹാൾ വിട്ടുപോയത്‌.
തുടർന്നും പ്രതിഷേധവുമായി ചേമ്പറിന്‌ മുന്നിലും ഓഫീസ്‌ വരാന്തയിലും പ്രകടനം  നടത്തി. മേയർ പുറത്ത്‌ പോകുന്നത്‌ തടയാനും ശ്രമമുണ്ടായി. കൗൺസിലിനെയും മേയറെയും അപമാനിക്കുന്ന രീതിയിലായിരുന്നു പ്രതിപക്ഷ ഇടപെടൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top