26 April Friday
കപ്പലില്ല; ലക്ഷദ്വീപ്‌ യാത്രക്കാർ

ദുരിതക്കടലിൽ

മനാഫ് താഴത്ത്Updated: Wednesday Jun 29, 2022

ബേപ്പൂരിലെ ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് വിതരണ കേന്ദ്രത്തിൽ ടിക്കറ്റിനായി 
എത്തിയവർ

ഫറോക്ക് 
കൊച്ചിയിൽനിന്ന്‌ ലക്ഷദ്വീപിലേക്കുള്ള കപ്പലുകൾ കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയതോടെ ദ്വീപ്‌ നിവാസികളും സന്ദർശകരും ദുരിതത്തിൽ. മർക്കന്റയിൽ മറൈൻ നിയമപ്രകാരം ചെറുകിട തുറമുഖങ്ങൾ വഴിയുള്ള കപ്പൽ സർവീസിന് നാലുമാസം മൺസൂൺകാല വിലക്കുള്ളതിനാൽ ബേപ്പൂരിൽനിന്ന്‌ കപ്പലില്ലാത്തതും ദ്വീപുകാരുടെ ദുരിതം ഇരട്ടിയാക്കി. കൊച്ചിയിൽനിന്ന്‌  ഏഴ്‌ കപ്പലുകളാണുണ്ടായിരുന്നത്‌. ഇത്‌  രണ്ടെണ്ണമാക്കിയാണ്‌ ഷിപ്പിങ്‌ മന്ത്രാലയം 
വെട്ടിക്കുറച്ചത്‌. ഇതോടെ മലബാർ മേഖലയിലെത്തിയ ദ്വീപ്‌ നിവാസികളെല്ലാം ബേപ്പൂർ, കോഴിക്കോട്, കൊച്ചി ഉൾപ്പടെ വിവിധയിടങ്ങളിൽ ഒന്നര മാസത്തോളമായി കുടുങ്ങിയിരിക്കയാണ്. 
വിദ്യാഭ്യാസം, വ്യാപാരം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി എത്തിയവരാണ്‌ ഇവർ. ഇവരിൽ വിദ്യാർഥികളും മാറാരോഗികളായ വയോധികരുമുൾപ്പെടെ നൂറുകണക്കിനുപേർ കൈയിലുള്ള പണം തീർന്ന്‌ താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെയായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ  കോളേജ് അവധിക്കാലത്ത് നാട്ടിലെത്താനും തുടർപഠന കാര്യങ്ങൾക്ക്‌  തിരികെ എത്താനും കഴിയാതെ  പ്രതിസന്ധിയിലാണ്. 
ബേപ്പൂർ തുറമുഖത്തിന് സമീപത്തെ ദ്വീപ് കപ്പൽ ടിക്കറ്റ് വിതരണ കേന്ദ്രത്തിൽ രാവിലെ മുതൽ കാത്തിരുന്നാൽ  ഒന്നും ഒന്നരയും മാസം കഴിഞ്ഞുള്ള കപ്പൽ യാത്രയ്ക്ക് ഇരുപതും മുപ്പതും ടിക്കറ്റുകളാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. രണ്ട്‌ കപ്പലുകളിലായി ഉള്ളതാകട്ടെ 650 സീറ്റും. ഇതിൽ ബേപ്പൂരിൽ നിന്നുള്ളവർക്ക് എം വി കോറലിന് 20 ശതമാനവും എം വി അറേബ്യൻ സീയിൽ 10 ശതമാനവും സീറ്റുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന മറ്റ്‌ അഞ്ച്‌ കപ്പലുകൾ പലവിധ കാരണങ്ങളാൽ കട്ടപ്പുറത്താണ്‌. ഇവയുടെ അറ്റകുറ്റപ്പണി നടത്താൻ ഷിപ്പിങ്‌ മന്ത്രാലയം താൽപ്പര്യം കാണിക്കുന്നില്ല. ദ്വീപ് ഭരണകൂടവും  കേന്ദ്ര സർക്കാരും ഷിപ്പിങ്‌ മന്ത്രാലയവും യാത്രാദുരിതം പരിഹരിക്കാനായി ബദൽ മാർഗവും ആലോചിച്ചിട്ടില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top